other world എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
other world എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഫെബ്രുവരി 28, വ്യാഴാഴ്‌ച

മരിച്ചവന്റെ മുറിവുകൾ

മരിച്ചവന്റെ മുറിവുകൾ 

x

ഞാൻ കുറെ നേടാമായി ഇവിടെ കറങ്ങി നടക്കാൻ തുടങ്ങിയിട്ട്.. ആരും എന്നെ ശ്രദ്ധിക്കുന്നില്ല, ഞാൻ വന്നത് ആരും അറിഞ്ഞിട്ടില്ല. നേരെ ചെന്ന് മുറിയിലേക്കാണ് കയറിയത്. എല്ലാം പഴയത് പോലെത്തന്നെ..
കാവ്യ എന്നെ ശ്രദ്ധിക്കുന്നത് പോലുമില്ല, അവൾക്കെന്നോട് പിണക്കമാണോ? പറയാതെ ഞാൻ ഇങ്ങോട്ടും പോയിട്ടില്ല, ആ ദിവസമൊഴികെ. 
അവളുടെ കണ്ണുകൾ നീര് വച്ചിരിക്കുന്നു. പൊടിമോൻ അവളുടെ ചുമലിൽ നിന്നിറങ്ങാതെ അവളെ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. അവനാണെങ്കിൽ എന്നെ കണ്ടിട്ടും കാണാത്ത ഭാവം.. അവനും പിണങ്ങിയിരിക്കുകയാവും.  
എനിക്കാണെങ്കിൽ സമയം തീരെയില്ല, അൽപ്പം കൂടി കഴിയുമ്പോൾ വിളിക്കാൻ ആള് വരും.. പോയാൽപ്പിന്നെ ഉടനെയൊന്നും മടങ്ങാനുമാവില്ല. ഏതാണ്ട് അര മണിക്കൂറിന്റെ അവധിയെടുത്ത് വന്നതാണ്. അതിപ്പോൾ ഇങ്ങനെയുമായി... ആരും മിണ്ടുന്നില്ല, കണ്ട ഭാവം പോലും നടിക്കുന്നില്ല. 
കാവ്യയുടെ കയ്യിലൊന്നു പിടിച്ചു നിർത്താൻ നോക്കിയപ്പോൾ അവൾ പിടി തരാതെ ഒഴിഞ്ഞു പോയി. പൊടിമോനാണെങ്കിൽ ഉറക്കം പിടിച്ചു. നേരം ഏതാണ്ടാകാറായി. പൊടിമോനെ കിടത്തിയിട്ട് അവൾ മുറിയിൽ വരുന്നതും കാത്തിരുന്നു.. 
അതാ, അവൾ വന്നു.. ഞാൻ കിടക്കുന്നതിനഭിമുഖമായി കിടന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. 
"എന്തിനായിരുന്നു..എന്തിനായിരുന്നു അനിയേട്ടാ? ഇത്രേം സ്നേഹിച്ചിട്ട്.. ഒരു നിമിഷം കൊണ്ട് എന്നെയും പൊടിമോനെയും തനിച്ചാക്കിയില്ലേ.. "
ഞാൻ അഴിച്ചിട്ടിരുന്ന ഷർട്ട് എടുത്തവൾ നെഞ്ചോട് ചേർത്തു.. എന്റെ കണ്ണുകളും നിറഞ്ഞൊഴുന്നുണ്ടായിരുന്നു.. എല്ലാം നുറുങ്ങുന്നത് പോലെ... വല്ലാത്തൊരു വേദന... 
ആരോ വിളിക്കുന്ന ശബ്ദം.. സമയമായി.. 
"അനിൽ.. പോകാം.. " അയാൾ കാവ്യയെയും പൊടിമോനെയും അവസാനമായി ഒന്നുകൂടി നോക്കി. 
വന്നയാൾ തിരക്കുകൂട്ടുന്നു.. "പോകാം.."
അവർ നടന്ന് ചെറിയൊരു വാതിൽ കടന്നു.. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ഒരു മുറി. അവിടെ ചെറിയൊരാൾക്കൂട്ടം. എനിക്കൊപ്പം നടന്നയാൾ മുന്നിലേക്ക് നീങ്ങി.. അയാളെപ്പോലെ തന്നെ വിചിത്രമായ വസ്ത്രം ധരിച്ച പ്രായമുള്ള ഒരു മനുഷ്യൻ മറ്റൊരു വാതിൽ കടന്നു വന്നു. എല്ലാവരും അയാളെ ശ്രദ്ധിച്ചു.. 
അയാൾ പറഞ്ഞുതുടങ്ങി.. 
"നിങ്ങൾ ഇപ്പോളെക്കും അംഗീകരിച്ചിട്ടുണ്ടാകും, നിങ്ങൾക്കെന്താണ് സംഭവിച്ചതെന്ന്.. "
അവിടെ ഒരുമിച്ചൊരു ദീർഘ നിശ്വാസം പല തേങ്ങലുകളിൽ മുങ്ങി.. 
"ഭൂമിയിൽ നിങ്ങളുടെ അവസാന നിമിഷങ്ങളാണിത്.. "
ഒരേ ദിവസം പല പല കാരണങ്ങളാൽ മരിച്ചവർ.. ഗർഭസ്ഥ ശിശു മുതൽ വയസ്സായ അമ്മുമ്മമാർ വരെ. അവരെ കാണുമ്പോൾ അറിയാം എങ്ങനെ മരിച്ചവരാണെന്ന്‌.. 
ശരീരം മുഴുവൻ ചോരയൊലിപ്പിച്ചു നിൽക്കുന്നവൻ അപകടത്തിൽ പെട്ടവനാണ്.. ഹൃദയം താങ്ങിപ്പിടിച്ചിരിക്കുന്നവൻ ഹൃദയാഘാതം വന്നാണ്.. വയർ താങ്ങിപ്പിടിച്ചിരിക്കുന്നവൾ പ്രസവത്തിൽ മരിച്ചുപോയതാണ്.. കൂടെയുള്ള ശിശു അവളുടെ കുഞ്ഞാണ്.. അത് അവളെ നോക്കി ചിരിക്കുന്നുണ്ട്.. കാണും നാക്കും തുറിച്ചവൻ, വെള്ളം നിറഞ്ഞ ചീർത്തവൻ..കത്തി കയറിയവർ..എല്ലാവരുമുണ്ട്.. 
"മുന്നിൽ കാണുന്ന വാതിൽ കടക്കുന്നതോടെ നിങ്ങളുടെ സർവ്വ വേദനകളും മാറും.. നിങ്ങളുടെ മുറിവുകൾ അപ്രത്യക്ഷമാകും.."
വൃദ്ധനായ വിചിത്ര വസ്ത്രധാരി പറഞ്ഞു കൊണ്ടിരുന്നു..  
"വാതിൽ കടന്നാൽ നിങ്ങൾക്ക് മുന്നിൽ ഒരു നൂൽപ്പാലമാണ്.. ഓർമ്മയുടെ നൂൽപ്പാലം..ഓരോരുത്തരായി കടക്കണം.. അത് കടക്കുന്നതോടെ  നിങ്ങൾ എല്ലാം മറക്കും.. പാലം കടന്നു ചെല്ലുമ്പോൾ അവിടെ മറ്റൊരാൾ കാത്തുനിൽപ്പുണ്ടാകും.. അയാൾ നിങ്ങൾക്ക് വഴി കാട്ടും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കു.. "
കഴുത്തിന് വെട്ടുകൊണ്ടാവാൻ കയ്യുയർത്തി ചോദിച്ചു..
"പിന്നൊരിക്കലും ഞങ്ങൾക്ക് ആരെയും ഓർക്കാൻ കഴിയില്ലേ? ഞാൻ ആരാണെന്നു പോലും എനിക്ക് ഓർമ്മയുണ്ടാകില്ലേ?"
വൃദ്ധൻ പുഞ്ചിരിച്ചു..
"ഓർമ്മയുടെ നൂൽപ്പാലത്തിന്റെ ദൈർഖ്യം ഓരോരുത്തർക്കുംnവിഭിന്നമാണ്‌.. നിന്റെ ആയുസ്സനുസരിച്ചായിരിക്കും അതിന്റെ നീളം.. നീ ആ പാലം കടക്കുന്നതോടെ നിന്റെ എല്ലാ ഓർമ്മകളും നശിക്കും.. പക്ഷെ, നിന്റെ പ്രിയപ്പെട്ടവരിൽ ആരെങ്കിലും നിന്നെ ആത്മാർത്ഥമായി ഓർക്കുകയാണെങ്കിൽ ആ സമയത്തേക്ക് നിനക്ക് പാലം തിരികെ കടക്കാം.. ഈ വാതിലിനരികെ നിന്ന് അവരെ നിനക്ക് നോക്കിക്കാണാം.. മറിച്ച് എന്നെന്നേയ്ക്കുമായി അവർ നിന്നെ മറക്കുകയാണെങ്കിൽ.. നീ എത്ര വേദന സഹിച്ചാണോ മരിച്ചത്, ഓരോ വർഷവും ആ ദിവസമെത്തുമ്പോൾ അതിന്റെ നൂറിരട്ടി വേദന നീ അനുഭവിക്കും.. ഇനി എല്ലാവരും പ്രായമാനുസരിച്ച് വരിവരിയായി നിൽക്കുക... ആദ്യം 95  വയസ്സുള്ള നാണിയമ്മ.. ശേഷം 74 വയസ്സുള്ള ജനാർദ്ദനൻ.. "

ഇനി എന്റെ ഊഴമാണ്.. ഈ പാലം കടക്കുന്നതോടെ ഞാനീ ലോകത്ത് നിന്നും എന്നെന്നേക്കുമായി വിടവാങ്ങും.. 
'കാവ്യെ, പൊടിമോനെ നന്നായി നോക്കണം, അച്ഛനില്ലാത്ത സങ്കടം ഒരിക്കലും അവൻ അറിയരുത്.. പൊടിമോനെ, അച്ഛനെ വല്ലപ്പോഴും ഓർക്കണം.. എന്നാൽ മാത്രമേ അച്ഛന് വീണ്ടും നിങ്ങളെ കാണാൻ കഴിയൂ. '
ആദ്യ കാലടി വയ്ക്കുമ്പോൾ ഓർക്കുകയായിരുന്നു.. 

'മനുഷ്യൻ മരണത്തെ ഇത്രമേൽ ഭയക്കുന്നതെന്താണ്.. ശരിക്കും അവർ മരണത്തെഎല്ലാ, മരണം കൊണ്ട് വരുന്ന മറവിയെയാണ് ഭയക്കുന്നത്...
മരിച്ചുപോയവരുടെ മുറി കണ്ടിട്ടുണ്ടോ? 
പിറ്റേന്നിടാൻ എടുത്തുവച്ചിരുന്ന ഷർട്ട്, മുണ്ട്.. 
എന്നോ എടുത്ത ഒരു കുടുംബചിത്രം,.. 
വൃത്തിയായി ഒരുക്കിയിരിക്കുന്ന കട്ടിൽ.. 
അവൻ എന്നും  മറക്കാതെ കൂടെ കൊണ്ട് നടന്ന മൊബൈൽ, വാച്ച്.. 
അവന്റെ പ്രിയപ്പെട്ടവരുടെ കണ്ണീരണിഞ്ഞ ദീർഘനിശ്വാസങ്ങൾ.. 
ഇതിനൊക്കെയൊപ്പം ആ മുറിയിൽ അവൻ കണ്ട സ്വപ്നങ്ങളും അവന്റെ സന്തോഷങ്ങളും ചിരികളും ദുഖത്തോടെ ഒരു മൂലയ്ക്ക് ചടഞ്ഞിരിക്കുന്നുണ്ടാവും. 
നിങ്ങളും എന്നെങ്കിലും അവരെ ഓർക്കണം.. അപ്പോൾ മാത്രമേ അവർക്ക് നിങ്ങളെ വീണ്ടും കാണാനാകൂ.. 
എന്നെയും ഓർക്കണം കേട്ടോ... മറക്കരുത്..'



2018, ഏപ്രിൽ 10, ചൊവ്വാഴ്ച

വേലിക്കരികിൽ മടങ്ങിയെത്തുന്നവർ

വേലിക്കരികിൽ മടങ്ങിയെത്തുന്നവർ 

പൊളിഞ്ഞു വീഴാറായ കൊന്നവേലിയിൽ ചാരി അയാളിരുന്നു. 
അടുത്തടുത്തു വരുന്ന കാലൊച്ച കേൾക്കാം.. 
ആരാണാവോ ഈ മൂവന്തി നേരത്ത്?
കാലൊച്ച പരിചയമുള്ളത് പോലെ തോന്നി. 
"അണ്ണാ.. " പരിചയമുള്ള സ്വരം, പരിചയമുള്ള വിളി. 
അയാളുടെ മനസ്സൊന്നു കുതിച്ചു. 
നിലത്തു നിന്നും പിടഞ്ഞെണീറ്റ അയാൾക്ക് തൻറെ കണ്ണുകളെ വിശ്വസിക്കാനായില്ല. 
ചുണ്ടിലൊരു വിടർന്ന പുഞ്ചിരിയോടെ അവൾ.. 
അറിയാതെ അയാളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. 
"അണ്ണനെന്താ ഈ നേരത്ത് ഇവിടെയിരിക്കുന്നെ? എങ്ങോട്ടും പോയില്ലേ?" അവൾ ചോദിച്ചു. 
"ഞാനെങ്ങോട്ട് പോകാനാ.. ആരുമില്ലല്ലോ കാണാൻ.." അയാളുടെ വാക്കുകളിൽ നിരാശയുടെ ലാഞ്ചന.
അവളും അയാൾക്കരികിലായിരുന്നു.
തട്ടത്തിനിടയിലൂടെ അവളുടെ മുടിയിഴകൾ കാറ്റിൽ പറന്നു കളിച്ചു. 
എന്തൊരു മൊഞ്ചാണ് പെണ്ണിന്.. 
അവളും അയാളെത്തന്നെ നോക്കുകയായിരുന്നു.
അയാളുടെ കണ്ണുകൾക്കെന്തൊരു തിളക്കമാണ്.. 
എന്തൊക്കെയോ സംസാരിച്ച് നേരം പോയതറിഞ്ഞില്ല. 
"അണ്ണന്റെ മക്കളൊക്കെ?"
"മോൻ റെയ്ൽവേയിൽ സ്റ്റേഷൻ മാസ്റ്ററാ, മോള് ടീച്ചറാ, അവൾടെ കെട്ടിയോൻ കോളേജിൽ പഠിപ്പിക്കുന്നു.. രണ്ടു പേർക്കും ഈരണ്ട് മക്കൾ, ഒരാണും ഒരു പെണ്ണും വീതം.."
അവൾ അതുശരി എന്ന രീതിയിൽ തലയാട്ടി. 
അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, "ഞാനൊരു കാര്യം ചോദിച്ചാൽ നീയെന്നോട് കള്ളം പറയില്ലല്ലോ അല്ലെ?"
"ഞാനെന്തിനാ അണ്ണനോട് കള്ളം പറയുന്നത്? ചോദിക്ക്.."
"നീയെന്താ കല്യാണം കഴിക്കാതെ?"
ആ ചോദ്യത്തിന് മുന്നിൽ അവളൊരു നിമിഷം നിശബ്ദയായി.. 
"അങ്ങനെ ചോദിച്ചാൽ അതിന്റെ ഉത്തരം എനിക്കും അറിയില്ല, ആദ്യമാദ്യം നമ്മുടെ ബന്ധം വീട്ടുകാർ അനുവദിക്കുമെന്ന പ്രതീക്ഷയിൽ കുറെ കാലം കടന്നു പോയി.. അപ്പോഴേക്കും എന്റെ സമയവും കഴിഞ്ഞു..പിന്നെ.. " 
അയാളുടെ മുഖത്ത് വേദനയും നിരാശയും കലർന്നൊരു ഭാവമുണ്ടായി.. 
അവളൊന്നു ചിരിച്ചു.. ആ ചിരിയിലും അതെ ഭാവമായിരുന്നു. 
"സാരമില്ല അണ്ണാ.. ഇനി പറഞ്ഞിട്ടെന്താ.. അതൊക്കെ കഴിഞ്ഞു പോയില്ലേ.."
അയാൾ പതിയെ പറഞ്ഞു.. 
"എനിക്കൊരു കാര്യത്തിൽ മാത്രമേ നിരാശ തോന്നിയിരുന്നുള്ളു.. "
"എന്താത്?"
"അന്ന് മതത്തിന്റെ വേലിക്കെട്ടുകളെല്ലാം മുറിച്ചെറിഞ്ഞു നിന്നെയും കൊണ്ട് പോകണമായിരുന്നു.. എവിടേക്കെങ്കിലും.. ജീവിതാവസാനം വരെയും ആ നിരാശയുണ്ടായിരുന്നു മനസ്സിൽ"
അവൾ വീണ്ടും നിശബ്ദയായി. 
"അല്ല, ഞാനിവിടെയുണ്ടെന്നു നീയെങ്ങനെ അറിഞ്ഞു?"
"നാണിത്തള്ള പറഞ്ഞു.."
"ഉം. നാണിത്തള്ള. പുള്ളിക്കാരി ഇടക്കൊക്കെ അങ്ങോട്ട് വരാറുണ്ട്.. പഴയ പരദൂഷണക്കൂട്ടങ്ങൾ അവിടെയുമുണ്ടല്ലോ.. ഞാൻ ഒളിഞ്ഞു നിന്ന് കേട്ടതാ.. അവരെ എനിക്ക് പണ്ടേ ഇഷ്ടമല്ല.. നമ്മളിവിടെ നിന്ന് സംസാരിക്കുന്ന കാര്യം അവരെ ഉമ്മന്റടുത്ത് പറഞ്ഞു കൊടുത്തത്.."
"ഞാനോർക്കുന്നുണ്ട്.. അവസാനം വീട്ടുകാർ തമ്മിൽ വഴക്കായി.. എന്നെ കൊച്ചിക്ക് പറഞ്ഞയച്ചു.. നിന്നെ പൂട്ടിയിട്ടു.."
അവളാ വേലിയെ ഒന്ന് തലോടി.. "ഈ വേലിക്കറിയാം എല്ലാം.. ".
കാണെക്കാണെ അവർക്കിരുവർക്കും പ്രായം കൂടിക്കൂടി വന്നു.. 
നരച്ച തലയും.. ചുളിഞ്ഞ നെറ്റിയും.. 
അപ്പോഴും അയാളോർത്തു, 'എന്തൊരു മൊഞ്ചാണ് പെണ്ണിന്..'
അവളും ഓർക്കുകയായിരുന്നു. 'എന്തൊരു തിളക്കമാണ് ആ കണ്ണുകൾക്ക്'. 
"എത്ര വർഷമായി..?"
"മുപ്പത്തഞ്ചായിക്കാണുമല്ലേ?"
"നീയെങ്ങനെ ഇവിടംവരെയെത്തി?"
"എന്നെ അടക്കീരിക്കണത് പുതിയ  മദ്രസ ഇരിക്കുന്നതിനടുത്താ.. ഒരു പയ്യൻ പന്തും കളിച്ചോണ്ട് എന്റടുത്തേക്ക് വന്നു.. ഞാനാ പന്തിൽ കേറി ഇങ്ങു പോന്നു.. പുതിയ കെട്ടിടങ്ങളൊക്കെ വന്നപ്പോൾ വഴിയൊന്നും അറിയാൻ വയ്യാതായി.. ആ പയ്യൻ ഇത് വഴിയാ പോയത്.. ഞാൻ ഇവിടിറങ്ങി..  ഇസ്മായിലിന്റെ പേരക്കുട്ടിയാണെന്നാ  തോന്നണത്.. അല്ല, അണ്ണനെന്താ ഈ ഒഴിഞ്ഞ കോണിൽ?".
"ഓ അതോ.. രണ്ടുപേർക്കും വീതം വച്ച് കൊടുത്ത കൂട്ടത്തിൽ അവർ അച്ഛനും അമ്മയ്ക്കും ഓരോ സെന്റ് മാറ്റിവച്ചിട്ടുണ്ട്. എന്നെ ഇവിടെ കൊണ്ടടക്കി. അവൾക്ക് വേണ്ടി അപ്പുറത്തോട്ട് ഒരു സെന്റുണ്ട്... എന്തായാലും വേലിക്കരികിൽ ആയത് ഭാഗ്യം.. പഴയ കാര്യങ്ങളൊക്കെ ഓർക്കാല്ലോ.."
അവൾ വീണ്ടും ചിരിച്ചു.. 
"പിന്നെ, ആ കുറിവരച്ച അമ്മാവനില്ലേ.. അയാൾ ഹാജിയാരെ കാണാൻ ഇടക്കിടക്ക് വരാറുണ്ട്.. "
"നീ ഓർക്കുന്നുണ്ടോ.. നമ്മളെയും വീട്ടുകാരെയും പറഞ്ഞു തിരിക്കാൻ മുന്നിൽ നിന്നവരാ രണ്ടാളും.. " 
രാത്രി ഏതാണ്ട് തീരാറായിരിക്കുന്നു, അവൾ എണീറ്റു.
"ആ വരുന്ന കാറ്റിന്റെ കൂടെ എനിക്ക് തിരികെ പോകണം.. "
"നീ ഇനിയും വരില്ലേ?"
"അണ്ണനങ്ങോട്ട് വന്നൂടെ ഇടക്ക്?"
"ജീവിച്ചിരിക്കുന്ന കാലത്ത് നിന്നെക്കാണാൻ അവർ സമ്മതിച്ചിട്ടില്ല, ഇനിയിപ്പോ അതൊക്കെ നടക്കുമോ ആവോ?"
അവൾ കുലുങ്ങിചിരിച്ചു..
"വരുന്നെങ്കിൽ വാ. മദ്രസയുടെ പിൻവശത്തായിട്ട് ഒരു പഴയ കിണറുണ്ട്.. ഞാനവിടെ കാത്തിരിക്കാം.. "
നീങ്ങി വന്ന കാറ്റിനൊപ്പം അവൾ പോയി. 
'നാളെ വേണു പുല്ലുചെത്താൻ വരുമ്പോൾ അവന്റെ കൂടെ പോകാം.. അവൻ ഏതു സമയവും വെള്ളമായതുകൊണ്ട് അറിയില്ല.. മോന്തിക്ക് കവലയിലെത്തിയാൽ അതുവരെ പോകാൻ ആരെയെങ്കിലും കിട്ടും.. '
അതുവരെ വിരസമായി തോന്നിയ വേലിക്കരികിലെ അയാളുടെ മണ്ണ് മാടം ഒന്ന് തണുത്തു.. 
വേലിക്കൊന്നകൾ അയാളെ നോക്കി കൈവീശി.. 
നാളത്തെ കണക്കുകൂട്ടലുകൾ മനസ്സിലുറപ്പിച്ച് അയാൾ തൻറെ കിടപ്പാടത്തിലേക്ക് യാത്രയായി.