poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

നഖപ്പൂക്കൾ

നഖപ്പൂക്കൾ

.അതേ കലാലയം, അതേ അങ്കണം,
ചുവരുകളിലെ നിറം പോലുമത്.
വർഷങ്ങൾ,
അന്നുമിവിടെയീ ബൈബിളും ഗീതയും ഖുറാനും വായിച്ചിരുന്നു,
അന്നെനിക്കായി ഞാനിരുന്നെങ്കിൽ
ഇന്നീ മകൾക്കായി ഞാനിരിക്കുന്നു.
ഓർമ്മകൾ മഞ്ഞളിച്ചുതല്ലാതെ മാറ്റമില്ല മറ്റൊന്നിനും.

കായലിനരികിൽ കാറ്റേറ്റ് നഖപ്പൂമരം.
ആരോ പറയുന്നു,
ഇതാണ് ഡെലോണികസ് റീജിയ, ബിലോംഗ്സ് ടു സീസാൽപിനിയേ”.
ഗുൽ മോഹറെന്ന മരത്തിന്
നഖപ്പൂവെന്ന് പേരിട്ടത് നീയായിരുന്നു .
ഏതോ കാറ്റ് കൊണ്ടുവന്ന വിത്തിനെ
നനച്ചുറപ്പിച്ചതും നീയായിരുന്നു.
വിപ്ലവത്തീയിൽ നീയേന്തിയ വെള്ളക്കൊടി
ചോന്നതും ഇതിൻ മുന്നിലായിരുന്നു.
പിടിയോളമാണ്ട കത്തി നക്കിയ നിന്റെ
ആദ്യത്തെ തുള്ളി ചോര ഏറ്റുവാങ്ങിയതും ഇതിന്നിലകളായിരുന്നു .

അന്നാണ് നിന്റെ നഖപ്പൂമരം
ആദ്യമായി ചോപ്പണിഞ്ഞത്, പൂക്കളില്ലാതെ.
ഇന്നുമിത് ചോപ്പണിഞ്ഞുനിൽക്കുന്നു, പൂക്കളാൽ .
ഒരു പൂക്കണ്ണി നഖത്തിലൊട്ടിച്ച് കുഞ്ഞുമകൻ ചോദിക്കുന്നു,
“ഈ പൂവിനെന്തമ്മേ ഇത്ര ചോപ്പ്?”
പറയട്ടെ ഞാൻ,
ഇത് നിന്റെ ചോപ്പാ’ണെന്ന്?


2017, ജൂലൈ 27, വ്യാഴാഴ്‌ച

Will You Fly Through My Balcony?

Will You Fly Through My Balcony?

ഒരിക്കൽ അവൾ അവനോട് ചോദിച്ചു.
"Will you fly through my balcony?"
അവൻ ആദ്യം ഒന്നമ്പരന്നു,
പിന്നെ, ശരീരം ചുരുക്കിചുരുക്കി
അവളുടെ ബാൽക്കണിയിലൂടെ പറന്നെങ്ങോ പോയി 


2017, ജൂലൈ 22, ശനിയാഴ്‌ച

നീയും ഞാനും

നീയും ഞാനും 

നിന്നിൽ ഞാൻ കാണുന്നത്
ഒരായുഷ്ക്കാലത്തിന്റെ
പൂർണ്ണത.

നിന്റെ കണ്ണുകളിൽ കാണുന്നത്
എന്റെ ശോകത്തിന്റെ
ആഴക്കടൽ.

ഇനിയെങ്കിലും പറയു,
നീയെനിക്കാരാണ്‌? 


2017, ജൂലൈ 20, വ്യാഴാഴ്‌ച

Red Revolution.

I touched revolution, before birth...
Through, 
mothers' mercy, 
fathers' love.

Birth, 
in the red bed,
grown up through
the stories of Che Guevara.

The words... 
that warmed my blood..
Revolution,
in his words...
"The revolution is not an apple that falls when it is ripe.
You have to make it fall."

Red tides in my heart, 
i stepped to find Che Guevara.

At last..,

I find him in me, 
when they killed,
Che Guevara came out from me. 

The red words...
"I know you are here to kill me.
Shoot, coward, you are only going to kill a man."


2017, ജൂലൈ 16, ഞായറാഴ്‌ച

സ്മാരകശില

സ്മാരകശില

ഈ കിടക്കുന്നത്
ഞാൻ കണ്ട കിനാവുകളുടെ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾ..അടുത്തായി കിടക്കുന്നത് 
ഞാൻ കെട്ടിയ ചീട്ടുകൊട്ടാരം വീണുടഞ്ഞ കഷണങ്ങൾ...

എല്ലാം കൂട്ടി വച്ച് നോക്കുമ്പോൾ.. വിലമതിക്കാനാവാത്ത ഒരു കുന്നോളമുണ്ടെനിക്ക് 

നിങ്ങളെന്തിങ്ങനെ മിഴിച്ചു നോക്കി ചിരിക്കുന്നത്...?
എന്റെ നഷ്ടങ്ങളുടെ ഭംഗി കണ്ടാണോ..? 

നിങ്ങളിൽ ചിരിയുടെ മുത്തുപൊഴിയുമ്പോഴും ഞാൻ കാണുന്ന ഒന്നുണ്ട്..അതാ..
ആ കൂട്ടിവച്ചതിന്റെ ഏറ്റവും അടിയിൽ..
ഒരു തുള്ളി മിഴി നീര്..

ഒന്ന് മാറി നിൽക്കൂ..കരളിന്റെ കനലുകളിൽ നിന്നും ഇത്തിരിയെടുത്ത് ഞാനവയ്ക്ക് ചിതയൊരുക്കട്ടെ..
എല്ലാറ്റിനും സ്മാരകശിലയായി കണ്ണീർതുള്ളി നിലനിൽക്കാതിരുന്നെങ്കിൽ..



2017, മേയ് 27, ശനിയാഴ്‌ച

ചിത്രവധം

ചിത്രവധം 

ജനിച്ച മരത്തിന്റെ അസ്ഥിവാരത്തിനു കീഴെ, കിഴക്കൻ കാറ്റിന്റെ വന്യതയിൽ, 
പങ്കിലയായി ഉറവ വറ്റിയ പഴയ പുഴയുടെ ചാരെ, 
പൊള്ളുന്ന മണൽത്തട്ടിൽ ഏകയായ് നിൽക്കുമ്പോൾ ഓർമ്മിക്കാതിരിക്കുന്നതെങ്ങനെ... പച്ചപ്പട്ടുടുടുത്തിരുന്ന പ്രകൃതീകന്യകയെ..? 

ഹോ...വധം..! 
ക്രൂരമായ ചിത്രവധം..! ആദ്യമവളുടെ വസ്ത്രമുരിഞ്ഞു, പതിയെപ്പതിയെ ഓരോ അംശങ്ങളായി ഛേദിച്ച്, നിരാലംബയാക്കപ്പെട്ട്... 
പാവം... 
അവളുടെ മാനം രക്ഷിക്കാൻ, 
ഒരു കൃഷ്ണനും വന്നിരുന്നില്ല. 

മനുഷ്യാ നീയവളെ കൊന്നു..! 
നിന്റെ ദാഹം ശമിപ്പിക്കുന്നതിനു പകരം, നിന്റെ ഖജനാവ് നിറയ്ക്കാൻ വേണ്ടി, 
ആദ്യമവളുടെ രക്തക്കുഴലുകളെ മുറിച്ചു. പിന്നെ, 
അവളുടെ മുടിയിഴകൾ, അസ്ഥികൾ... 

മരങ്ങളൊന്നൊന്നായ് നീ പിഴുതു മാറ്റി. 
എന്റെ അമ്മയെ വരെ നീ... 
എന്തിനെന്നെ മാത്രം വെറുതെ വിടുന്നു..? ഞാനുമൊരു വൃക്ഷത്തൈയ്യാണ്, വളരാനാഗ്രഹിച്ച ഒരു പാവം തൈ... 
ഇനി വേണ്ട... കണ്ടതെല്ലാം മതി. എന്നെയും കുടി.. ദയവായി... 

നീ ചിരിക്കുന്നു. ദയവിന്റെ അർത്ഥം ആലോചിച്ച്..!



ഭാര്യ.


അന്ന്, 
അറിഞ്ഞും 
കേട്ടും 
തൂത്തും 
തുടച്ചും 
അനുസരിച്ചും. 

ഇന്ന്, 
അറിയിച്ചും
കേൾപ്പിച്ചും
തൂപ്പിച്ചും
തുടപ്പിച്ചും അനുസരിപ്പിച്ചും.



2017, മേയ് 26, വെള്ളിയാഴ്‌ച

കോൺട്രാക്ട്.

കോൺട്രാക്ട്.

ദൈവത്തിനോടുള്ള കോൺട്രാക്ടുമായി ഞാൻ ജനിച്ചു.., 
പിച്ച നടന്നു, പിഴുതെടുക്കാൻ പഠിച്ചു. ആദ്യം ചെടികളെ, 
പിന്നെ ബന്ധങ്ങളെ. 

കച്ചവടക്കണ്ണോടെ ഒാരോന്നും പിഴുതു മാറ്റിയപ്പോള് കിട്ടിയത്, കൈ നിറയെ പണം. 

തിരിഞ്ഞു നോക്കിയില്ല, കണ്ണില് കണ്ടതെല്ലാം കശക്കിയെറിഞ്ഞു, 
മദിച്ച കാളയെപ്പോലെ. 

'മാ നിഷാദ'.., വിലക്കിന്റെ സ്വരങ്ങള്, അഛൻ, 
അമ്മ, 
കടപ്പാട്. 

കടപ്പാട്! 
ത്ഫൂ.., നിസ്തുലമായ നഗ്ന വാക്കുകള്. 

ഒരു തുള്ളി ബീജത്തില് നിന്നും ജനിക്കാൻ വെമ്പി നിന്ന കുഞ്ഞിനെ പിഴുതെറിയുമ്പോള്.. ഭാര്യ ചോദിച്ചു. 
"നിങ്ങളൊരു മനുഷ്യനാണോ..?" 

അവളുടെ കണ്ണുനീരിൽ ചവിട്ടി ഞാൻ ചോദിച്ചു. 
"വാത്മീകി ആദ്യം മനുഷ്യനായിരുന്നോ..?" 

പണം... 
അഭിനന്ദനങ്ങള്... 
"hey.., you won 90% of the profit.." 

ഒടുവില്, 
മരണത്തെയും പണമാക്കാന് തീരുമാനിച്ചു. മരണത്തിന്റെ ഒാരോ നിമിഷങ്ങളും ഇടവേളകളില്ലാതെ പകർത്താനായി പ്രമുഖ ചാനലിന് കോടിയുടെ കോൺട്രാക്ട്. 

മരണത്തിന്റെ പാലം കടന്ന് അപ്പുറമെത്തിയപ്പോള്, പണപ്പെട്ടിയും താക്കോലും കയ്യിലുണ്ടായിരുന്നില്ല.. 

"ദൈവമേ...!" 
തിരിച്ചു പോകാൻ കഴിയാത്ത വിധം ദൈവം കോൺട്രാക്ട് അവസാനിപ്പിച്ചിരുന്നു