ലിസ്റ്റ്
"ഇതെന്താ ഒരു ലിസ്റ്റുണ്ടല്ലോ.." അവളുടെ ഡയറിയുടെ ആദ്യ പേജ് അവൻ അന്നാണ് കാണുന്നത്.
"എന്തായിത്.. കടൽ കാണണം,..
നിരയായി പോകുന്ന ഉറുമ്പുകളെ എണ്ണണം,..?"
"ഇതൊക്കെ എന്റെ ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും പറ്റ്യാകയാണ്, പക്ഷെ ഇതൊന്നും സംഭവിക്കാൻ പോകുന്നില്ല..".
"അതെന്താ അങ്ങനെ പറഞ്ഞെ?"
തറയിലൂടെ വരിയായി പോകുന്ന ഉറുമ്പുകളെ ചൂണ്ടി അവൾ പറഞ്ഞു,
"ഉറുമ്പുകൾ നിരയായി സഞ്ചരിക്കാറില്ല..".
അവർക്കിടയിൽ വീണ്ടും മൗനം കനത്തു.
മൗനത്തിന്റെ മഞ്ഞു കട്ട പിടിക്കും മുൻപേ അവൻ ചോദിച്ചു,
"ഞാനൊരു കാര്യം ചോദിക്കട്ടെ..?"
"ഉം ".
"നിന്റെയീ ആഗ്രഹങ്ങളൊക്കെ ഞാൻ സാധിച്ചു തരട്ടെ?"
"വേണ്ട".
മറുപടി അവനെ തെല്ലൊന്ന് അമ്പരപ്പിച്ചു.
"അതെന്താ..?"
"എനിക്കും ജീവിക്കണ്ടേ..? ഒരു ആഗ്രഹമോ സ്വപ്നമോ കൂട്ടിനില്ലാതെ ഞാനെങ്ങനാ ജീവിച്ചിരിക്കുന്നത്?"