2017, ജൂലൈ 4, ചൊവ്വാഴ്ച

ശ്വസിക്കുന്ന മാവ്

ശ്വസിക്കുന്ന മാവ് 

"മമ്മീ, എന്റെ കയ്യിൽ പൊടി പറ്റി", കുഞ്ഞു മോൻ പുറത്തു നിന്നും ഓടിക്കയറി വന്നു.
"നിന്നോടെത്ര പറഞ്ഞിട്ടുണ്ട് [ഉറത്തിറങ്ങരുതെന്ന്, ആശുപത്രി ഒഴിഞ്ഞ നേരമില്ല", മരുമകളുടെ ശബ്ദം. 
"മുത്തശ്ശി പറഞ്ഞു പുറത്തെ മരത്തിലൊരു കിളിക്കൂടുണ്ടെന്ന്, അതാ ഞാൻ പോയെ".
"മുത്തശ്ശി..". മരുമകളുടെ ഒച്ച പൊങ്ങി,
ഞാനൊന്നും മിണ്ടിയില്ല. 
***
ഇളയ കുട്ടി തൊട്ടിലിൽ കിടന്നു കരയാൻ തുടങ്ങി, അതിനു ജനിച്ച നാൾ മുതൽ ശ്വാസം മുട്ടാണ്.
'ചില്ല നിർത്തി നിന്ന ആ മാവുണ്ടായിരുന്നെങ്കിൽ...'
മകന് ആ മൂവാണ്ടൻ മാവിലെ മാങ്ങ ഒരുപാടിഷ്ടമായിരുന്നു.
അച്ഛനോട് വഴക്കിട്ട് ആ പുരയിടം സ്വന്തം പേരിൽ എഴുതിച്ചതിന്റെ കാര്യവും അത് മാത്രമായിരുന്നു. 
അവന് വീട് മോഡി കൂട്ടാൻ അത് മുറിക്കണമായിരുന്നു.
മാവിനോടൊപ്പം തന്റെ കണ്ണീരും വീഴുന്നത് കണ്ട മരുമകൾ പറഞ്ഞു, 
"മോം, യു ആർ സൊ സെന്റി".
"ഡാ, എന്റെ അടക്കിനു വേണ്ടിയെങ്കിലും അത് നിൽക്കട്ടെ.."
"ഇവിടെ ഇലെക്ട്രിക്കൽ ശ്മശാനം വരൻ പോകുവല്ലേ..", മകന്റെ മുഖത്തു നോക്കാതെയുള്ള മറുപടി.
മാവ് മറിഞ്ഞു വീണു, ഉള്ളിലെവിടെയോ ഒരു നടുക്കമുണർന്നു.
എൻജിനീയറുടെ അഭിപ്രായപ്രകാരം ആ മാവ് അഭംഗിയാണ്, മുന്നിൽക്കൂടിയുള്ള റോഡ് ഹൈവേ ആകുകയാണ്, അപ്പോൾ നാല് പേര് കാണുമ്പോൾ 'ഛെ' എന്ന് പറയരുത്. 
രണ്ട ദിവസം കഴിഞ്ഞപ്പോൾ ആരൊക്കെയോ വന്നു സ്ഥലം കണ്ടു.
അന്വേഷിച്ചപ്പോൾ മാവ് നിന്ന സ്ഥലത്തു ടവർ വരുകയാണത്രെ. 
"മോനെ, അത് വേണോ? കുഞ്ഞുങ്ങളുള്ള വീടല്ലേ..".
മകൻ ചിരിച്ചു, "അമ്മെ, അവർക്ക് വേണ്ടിയല്ലേ ഞാനീ കഷ്ടപ്പെടുന്നെ, കുറച്ചധികം കാശ് കിട്ടുമേ?".
ഒന്നും മിണ്ടിയില്ല.
ടവർ വന്നു. 
കുഞ്ഞുങ്ങളുടെ കരച്ചിലും മകന്റെയും മരുമകളുടെയും തലവേദനയും ഏറി വന്നു.
"ഞാനെന്നെ പറഞ്ഞില്ലേ, ഇതൊന്നും വേണ്ടാന്നു..".
"അമ്മയൊന്നു നിര്ത്തുന്നുണ്ടോ.. അമ്മേടെ പ്രാക്ക് കാരണം..", മകൻ പാതി വഴിയിൽ നിറുത്തി.
കുഞ്ഞേ നീയറിയണം,
ആ മാവുണ്ടായിരുന്നെങ്കിൽ..
അതിനു ജീവനുണ്ടായിരുന്നെങ്കിൽ..
അത് ശ്വസിച്ചേനെ.. ഒപ്പം നീയും നിന്റെ മക്കളും സമൃദ്ധിയായി ശ്വാസമെടുത്തേനേ..
***
ആശുപത്രിക്കിടക്കയിൽ അവൻ തീർത്തും അവശനായിരുന്നു.
ഡോക്ടർമാർ പറഞ്ഞു, 'റേഡിയേഷൻ'.
അവനു ക്യാന്സറാണത്രേ.
മരുമകൾ ഇളയ കുഞ്ഞിനേയും കൊണ്ട് ഐ സി യു വിലാണ്, അതിന്റെ ശ്വാസം തീരെ നിലച്ച മട്ടാണ്.
"അമ്മേ.." മകൻ വിളിക്കുന്നു.
അവന്റെ കയ്യെടുത്ത് സ്വന്തം കൈകളിൽ പൊതിഞ്ഞു പിടിച്ചു.
അവൻ പറയുന്നു, "അമ്മേ. മൂവാണ്ടൻ മാങ്ങ തിന്നാൻ തോന്നുന്നു..", അവന്റെ കണ്ണീരിൽ വേദന തെളിഞ്ഞിരുന്നു.
ഞാനോർത്തു, 'ആ മാവുണ്ടായിരുന്നെങ്കിൽ..അത് വീണ്ടും ശ്വസിച്ചിരുന്നെങ്കിൽ..".



2017, ജൂലൈ 3, തിങ്കളാഴ്‌ച

നീർത്തുള്ളിയുടെ വഴി

നീർത്തുള്ളിയുടെ വഴി 

ഞാൻ വിജനമായ ഒരിടത്തിരിക്കുകയായിരുന്നു. 
പെട്ടെന്ന്, ഒരു നീർത്തുള്ളി എന്റെ കയ്യിൽ പതിച്ചു.
മഴയല്ല, മഴത്തുള്ളി താങ്ങി നിൽക്കാൻ മരങ്ങളുമില്ല. 
ഞാൻ ആ തുള്ളി രുചിച്ചു നോക്കി, ഉപ്പുരസമാണ്.
കണ്ണീരോ?
ഞാനാ തുള്ളിയുടെ ഉറവിടം തേടി യാത്രയായി.
മുകളിലേയ്ക്ക്.. പോയിപ്പോയി ആകാശത്തിന്റെ ഏഴു വാതിലുകളും കടന്നു..
ഞാൻ സ്വർഗ്ഗത്തിലെത്തി.
സ്വർഗ്ഗത്തിലും കണ്ണീരോ?
നല്ല വെയിൽ,
അത്ഭുതത്തോടെ നടക്കുമ്പോഴാണ്, ഒരിടത് ഒരേ വൃദ്ധ ദമ്പതികൾ ഇരിക്കുന്നത് കണ്ടത്.
പിണങ്ങിയിരിപ്പാണ്.
വൃദ്ധന്റെ കയ്യിൽ ഒരു കുടയുണ്ട്, അത് വൃദ്ധയുടെ തലയ്ക്ക് മീതെ പിടിച്ചിരിക്കുകയാണ്.
വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.
"എന്താ കരയുന്നെ പിണങ്ങിയത് കൊണ്ടാണോ..?" ഞാൻ ചോദിച്ചു.
"അല്ല", അവർ പിണക്കം മറന്ന് വൃദ്ധന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.
"എത്ര പിണങ്ങിയാലും എനിക്ക് വെയിലേൽക്കുന്നതോ മഴ കൊള്ളുന്നതോ അദ്ദേഹത്തിന് സഹിക്കയില്ല, അതാണല്ലോ മരണത്തിലും തനിച്ചാക്കാതെ കൂടെപ്പോന്നത്,..അതോർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു."
അദ്ദേഹത്തിന്റെ സ്നേഹത്തിൽ നിന്ന് പൊഴിഞ്ഞ അവരുടെ കണ്ണുനീർത്തുള്ളി അദ്ദേഹത്തിനെ തന്നെ സമ്മാനിച്ച്, 
മറുപടിയായി കിട്ടിയ പുഞ്ചിരിയുമായി ഞാൻ മടങ്ങി. 



2017, ജൂലൈ 1, ശനിയാഴ്‌ച

ആൽമരം

ആൽമരം 

"ന്താണിത്ര ആലോചന.. ദേ അഞ്ചാറ് കാശ് കയ്യീ തടയണ കേസാണ്..."
"ന്നാലും..?"
"ഒരെന്നാലുമില്ല.. കൂടുതലാലോചിക്കാൻ നിക്കണ്ട, ല്ലാം പോകും "
"ക്ഷേത്രതീന്നു?"
"അതിനെന്താ..? അത് ഗവണ്മെന്റിന്റെന്നുമല്ലല്ലോ, നിങ്ങടന്നല്ലേ? പിന്നെന്താണ്?"
കണാരൻ ചോദ്യ ഭാവത്തിൽ അയാളെ നോക്കി. 
"ഞാനൊന്ന്.."
"നി ന്താലോചിക്കാനാ?.. വാ മ്മക്ക് ആ പൊഴേലൊന്നു മുങ്ങി വരാം, അപ്ലത്തേക്ക് തല തണുക്കും".
ഉടുമുണ്ടഴിച്ച് തോർത്തുടുത്തു കൊണ്ട് അയാൾ പുഴയിലേക്ക് ചാടി.
എന്തോ ഭാരം പുഴയെ താഡിക്കുന്നത് കണ്ട പരൽ മീനുകൾ ഒന്ന് പകച്ചു.
പുഴക്ക് നല്ല തണുപ്പാണ്, തലച്ചോർ വരെ തണുപ്പ് അരിച്ചെത്തുന്നു.
അയാൾ മുങ്ങാംകുഴിയിട്ടു. 
ഒരു വാൽമാക്രി അയാളുടെ മുഖത്തിന് നേരെ വന്നു കുമിളകൾ വിട്ട് മാറിപ്പോയി.
മുങ്ങി നിവരുമ്പോൾ കണാരൻ പാറപ്പുറത്തിരുന്ന് ഇഞ്ച കൊണ്ട് പുറം തേയ്ക്കുകയായിരുന്നു.
ആയാലും ഒരു പാറപ്പുറത്ത് കേറി ഇരുപ്പായി.
കണാരൻ നീട്ടിയ ഇഞ്ചക്കഷ്ണം വാങ്ങി ആയാലും ദേഹമുരയ്ക്കാൻ തുടങ്ങി.
"അതേയ്, ഇനിയൊന്നും ആലോചിക്കാനില്ല..ഇനീം ആലോചിച്ചോണ്ടിരുന്നാ ആളാങ് പോവും.."
"ഉം.." കേട്ട ഭാവത്തിൽ മൂളിക്കൊണ്ട് അയാൾ പുഴയിലേക്ക് എടുത്തുചാടി.
"എത്ര വേണേലും ആലോചിക്.. എനിക്ക് നാളെ..പോട്ടെ മറ്റന്നാൾ മറുപടി കിട്ടണം..", കണാരനും കൂടെ ചാടി.
"ങാ..", അയാൾ നീന്താൻ തുടങ്ങി. 
***
ഉമ്മറത്തെത്തുമ്പോൾ കുഞ്ഞിപ്പൂച്ച അയാൾക്ക്‌ നേരെ കണ്ണുരുട്ടി.
"പോ പൂച്ചേ..", അയാൾ അതിനു നേരെ തോർത്തു വീശി.
പേടിച്ച പൂച്ച മ്യാവൂ വിളിച്ച പുറത്തേക്കോടി.
ശബ്ദം കേട്ട് അകത്തു നിന്നും പത്മിനി ഇറങ്ങി വന്നു.
"എന്ത് കുളിയാപ്പാ ഇത്? എത്ര നേരായി..?"
തോർത്ത് ബ്രയ്ക്ക് നേരെ നീട്ടുമ്പോൾ അയാൾ പറഞ്ഞു, "വഴിക്ക് ആ കണാരനെ കണ്ടിരുന്നു".
"ന്താപ്പോ വിശേഷിച്ച്?"
"ആ ചന്ദന മരം മുറിക്കുന്ന കാര്യം പറയാൻ"
"നന്നായി, ഇത്രേം പെട്ടെന്ന് വെട്ടി വിറ്റ് കാശാക്കാൻ നോക്ക്".
"ന്താ പത്മേ നീയീപ്പറയാനെ? ക്ഷേത്ര സ്വത്താ  അത്."
"നിങ്ങളത്തും കെട്ടിപ്പിടിച്ചിരുന്നോളു..".
പത്മിനി ചാടിത്തുള്ളി അകത്തേക്ക് പോയി.
ക്ഷേത്രവും അനുബന്ധ വസ്തുക്കളും അയാളുടെ പേരിലാണ്.
പാരമ്പര്യമായി കൈ മാറി വന്നപ്പോൾ ഈ തലമുറയിലെ അവകാശി അയാളാണ്.
ഇന്നാളൊരുദിവസം അളിയൻ വന്നപ്പോൾ പറയുന്നത് കേട്ടതാണ്, "ഞാനെങ്ങനുമാരുന്നിരിക്കണം, ആദ്യം ആ ചന്ദനം വെട്ടി വിറ്റു പൈസ വാങ്ങിയേനെ"
ആ ഇളിഭ്യച്ചിരിയിൽ താനും പങ്കു ചേർന്നതാണ്.
അന്നൊരു മോഹം മനസ്സിൽ തോന്നിയതാണ്. 
മുന്മുറക്കാരെ ഓർത്തപ്പോൾ വേണ്ടെന്നു വെച്ചു.
ഇപ്പോൾ.. 
***
രാവ് നീണ്ടിരിക്കുന്നു,
അയാൾ തിരിഞ്ഞു കിടന്നു.
"ന്താ ഉറങ്ങീലെ..?", പത്മിനിയുടെ കൈ നെഞ്ചിലേക്ക് ഉയർന്നു വന്നു.
"ഞാനാ ചന്ദനത്തിന്റെ കാര്യമാലോചിക്കുവാ.."
"അത് എത്രേം വേഗം വിറ്റ് കളഞ്ഞേക്ക്, പൈസയെങ്കിലും കിട്ടും, ഇപ്പോളും ഈ അന്ധ വിശ്വാസങ്ങളൊക്കെ മനസ്സിൽ കൊണ്ട് നടക്കുവാണോ? ആരെങ്കിലും കേട്ടാൽ ചിരിക്കും." 
അയാൾ മറു വശത്തേക് തിരിഞ്ഞു കിടന്നു.
ചന്ദനമാരിയമ്മൻ കോവിലിനോട് ചേർന്ന് ഒരു ചന്ദനവും ആലുമുണ്ട്.
വളരെ പണ്ട് ശരീരത്തിൽ നിന്നും സൗരഭ്യം പരത്തുന്ന ഒരു മുനി കന്യകയും പിതാവും അവിടെ താമസിച്ചിരുന്നത്രെ..
ഒരിക്കൽ മകളോട് പുറത്തിറങ്ങരുതെന്ന് കൽപ്പിച്ച മഹർഷി പുറത്തേക്ക് പോയി.
മഹർഷി പോയ സമയത്താണ്, ആയിരം കൈകളുള്ള കർത്യവീരാർജ്ജുനന്റെ ആ വഴിയുള്ള  വരവ്. 
അയൽക്കാർ പ്രദേശം ഇഷ്ടമായി. 
അയാൾ അവിടുത്തെ പൊയ്കയിൽ നീരാടാൻ തുടങ്ങി.
അയാൾക്ക് മുനി കന്യകയുടെ വാസന കിട്ടാൻ തുടങ്ങി.
എവിടെ നിന്നോ വരുന്ന സൗരഭ്യത്തിന്റെ ഉറവിടം തേടി അയാൾ ആശ്രമത്തിനു മുന്നിലെത്തി. 
അതിനു മുന്നേ പൊയ്കയിൽ നീരാടുന്ന ശക്തിശാലിയെ കന്യക കണ്ടിരുന്നു. 
അവൾ പുറത്തേക്കിറങ്ങി,
കണ്ട മാത്രയിൽ ഇരുവരും അനുരാഗബന്ധരായി.
കാറ്റ് വഹിച്ച സൗരഭ്യം പിതാവിന് സന്ദേശമായി. 
കോപിഷ്ഠനായി മഹര്ഷിയെത്തുമ്പോൾ, മകൾ അന്യ പുരുഷനൊപ്പം പുറത്തു നിൽക്കുന്നു..
"നീയൊരു മരമായിത്തീരട്ടെ, നിന്റെ സുഗന്ധം സ്വന്തം ജീവന് ഭീഷണിയായിത്തീരട്ടെ." മഹർഷി മകളെ ശപിച്ചു.
മുനി കന്യക ചന്ദന  മരമായി മാറി.
കർത്യവീരാർജ്ജുനൻ മഹര്ഷിയോട് ശാപം തിരിച്ചെടുക്കാനപേക്ഷിച്ചു.
"എനിക്ക് ശാപം തിരിച്ചെടുക്കാൻ കഴിയില്ല, നീ നിന്റെ ശക്തി കൊണ്ട് എന്റെ മകൾക്ക് രക്ഷയാകുക,"
കർത്യവീരാർജ്ജുനൻ ഒരാൽമരമായി വളർന്നു. ആയിരം കൈകൾ ആയിരം വള്ളികളായി. 
ആ ചന്ദനമാണ് ഇപ്പോൾ മുറിക്കാൻ പറയുന്നത്.
'ഓ ഇതൊക്കെ ആര് വിശ്വസിക്കാനാ.'
സ്വയം സമാധാനിപ്പിച്ചു അയാൾ ഉറങ്ങാൻ ശ്രമിച്ചു.
***
ചന്ദനമുട്ടികൾ കയറിയ ലോറി പോകുന്നത് കണ്ടപ്പോൾ അയാൾക്ക് ഉള്ളിലൊരു സങ്കോചം, 'ശരിക്കും ആ മുനി കന്യകയുടെ കഥ സത്യമാണോ?'
പൂവിട്ടു നിൽക്കുന്ന കുരുക്കുത്തി മുല്ലകൾക്കിടയിലൂടെ അയാൾ കാലുകൾ വലിച്ചു വച്ച് നടന്നു.
***
പുറത്ത് നേർത്ത നിലാവുണ്ട്.
പത്മിനിയുടെ ഉറക്കത്തിലിന്നോരു സന്തോഷമുണ്ട്.
അയാളൊന്നു മയങ്ങി.
കാലിലെന്തോ ഇഴയുന്നത് പോലെ,
പാമ്പാണോ..?
അയാൾ കണ്ണ് തുറന്നു, ജനലിനരികിൽ ആൽമരം.. 
'ഇതെങ്ങനെ ഇവിടെത്തി..?
ആല്മരത്തിനു പ്രകാശം വയ്ക്കുന്നുവോ..?
ആയിരം കൈകൾ വള്ളികളാക്കി കർത്യവീരാർജ്ജുനൻ..!!
ആൽവള്ളികൾ അയാളുടെ കാൽ ചുറ്റി മുകളിലേക്ക് കയറാൻ തുടങ്ങി..,
"ദുഷ്ടാ.. നിന്റെ കീശ നിറക്കാൻ നിനക്കെന്റെ ജീവന്റെ പാതിയെ വേണമായിരുന്നോ..?", കർത്യവീരാർജ്ജുനന്റെ ശബ്ദം ഒരു തേങ്ങലിലൊതുങ്ങി. 
വള്ളികൾ അയാളുടെ കഴുത്തിൽ ഒരു വലയമായി, ഒരു നിലവിളി അയാളുടെ തൊണ്ടയിൽ അനക്കമറ്റ്‌ നിന്നു..


2017, ജൂൺ 30, വെള്ളിയാഴ്‌ച

സമാന്തരം

സമാന്തരം

ഒരിക്കൽ അവനും അവളും ഒരുമിച്ച് ഒന്നും മിണ്ടാതെ ദൂരത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. 
ദൂരെ രണ്ട പൊട്ടുകൾ അവർ കാണാൻ തുടങ്ങി.
അവർ മാത്രമേ അത് കണ്ടുള്ള,
അവ ഒരുമിച്ച് നീങ്ങാൻ തുടങ്ങി.
അവൾ- 'ഡാ'
അവൻ- 'ഉം'?
'അത് നീ കാണുന്നുണ്ടോ?'
'ഉണ്ട്'.
'എന്താണത്?'
'നമ്മളാണോ?'
'അല്ല, നമ്മളായിരുന്നെങ്കിൽ ഒരുമിച്ച് ഒരേ ദിശയിൽ സഞ്ചരിക്കില്ലായിരുന്നു.'
'ഒരേ ദിശയിലാണെങ്കിലും ഇത് സമാന്തരമല്ലേ?'
അവളവനെ നോക്കി.
ജോലി കഴിഞ്ഞ വരുന്ന ഭർത്താവിനെ അവളും, വീട്ടിൽ കാത്തിരിക്കുന്ന ഭാര്യയെ അവനും ഓർത്തു.
പിന്നെ, രണ്ടാളും എഴുന്നേറ്റ്
ഒന്നും മിണ്ടാതെ 
സമാന്തരമായി നടക്കാൻ തുടങ്ങി.



2017, ജൂൺ 29, വ്യാഴാഴ്‌ച

ഞാൻ പ്രകൃതീ തനയൻ

ഞാൻ പ്രകൃതീ തനയൻ

തളർന്നുറങ്ങാൻ തണൽ തേടുമ്പോഴാണ് അമ്മയുടെ സാമിപ്യം ആദ്യമറിഞ്ഞത്.
അതൊരു രൂപമായിരുന്നില്ല, 
വ്യക്തിയുമായിരുന്നില്ല.
ലോകം മുഴുവൻ പറന്നു കിടക്കുന്ന പച്ചപ്പ്.. തണൽ.. 
ഞാൻ, പ്രകൃതീ തനയൻ.
ആരോരുമില്ലാതെ മണ്ണിൽ കൈ കാലുകളിട്ടടിച്ച വിശന്നു കരഞ്ഞ എന്നെയെടുക്കാൻ ആരും വന്നില്ല.
പക്ഷെ, കൂട്ടായി ആരോ ഉണ്ടെന്ന തോന്നൽ..
കാലത്തിന്റെ ചക്രം പല പ്രാവശ്യം തിരിഞ്ഞപ്പോൾ പലതും മറവിയിലേക്ക് യാത്രയായി. 
ആദ്യം ജനിച്ച മരത്തിന്റെ കീഴിൽ  മഴു വച്ച ഞാൻ പരശുരാമനായി, 
വലിച്ചെറിഞ്ഞ മഴു നിലത്തു വീഴും മുൻപ് പിടിച്ചെടുക്കാൻ ആളുണ്ടായി.
ലോകം മുഴുവൻ പരശുരാമന്മാർ വളർന്നു.
പക്ഷെ, അവരൊരിക്കലും പുണ്യ നദികളിൽ സ്നാനം ചെയ്തില്ല, ഞാനും.
കൗരവ സഭയ്ക്ക് മുന്നിൽ മാതാവിന്റെ വസ്ത്രമഴിക്കുന്നത് കാണേണ്ടി വന്ന അഭിമന്യുവായി ഞാൻ. 
'അമ്മ കൃഷ്ണനെ വിളിച്ചു കരഞ്ഞില്ല, 
എന്നെയൊന്നു നോക്കിയതേയുള്ളു.
അമ്മിഞ്ഞയുടെ മനം മാറിയ കൈകൾ കൊട്ടി ഞാൻ ആർത്തു ചിരിച്ചു. 
അവരുടെ ഓരോ അവയവങ്ങൾക്കും ഓരോരുത്തർ വിലയിട്ടു. 
മൂക്കും മുലകളും ഛേദിക്കപ്പെട്ട് കൈകാലുകളിൽ ആഴ്ന്നു മുറിവുകളും പിളർക്കപ്പെട്ട ഹൃദയവുമായി 'അമ്മ കിടന്നു. 
ഞാൻ കുറുക്കൻ കണ്ണുള്ള കച്ചവടക്കാരൻ,
അമ്മയുടെ മുടി പുറം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു,
പിളർന്ന മാറിൽ കുഴൽക്കിണർ സ്ഥാപിച്ചു,
ഞരമ്പുകൾ തടയിട്ടു നിർത്തി വൈദ്യുതി ഉണ്ടാക്കി.
കാറ്റിന്റെ ദിശ മാറുന്നതിനൊപ്പം എന്റെ മുഖവും മാറി.
ചുളിവുകളായി, മീശയും മുടിയും നരച്ചു. 
എനിക്കൊന്നു വിശ്രമിക്കണമെന്നു തോന്നി.
പണപ്പെട്ടിയിലെ നാണയക്കിലുക്കം തണൽ തന്നില്ല.
അലഞ്ഞു തളർന്ന ഞാൻ വീണ്ടും അമ്മയ്ക്കരികിലെത്തി.
ഇനിയും നിലച്ചിട്ടില്ലാത്ത അവരുടെ ഹൃദയം നേർമ്മയായി മിടിക്കുന്നുണ്ടായിരുന്നു. 
എന്നെ തിരിച്ചറിഞ്ഞിട്ടാകണം, പാതി മരവിച്ച ശബ്ദത്തിൽ അവർ പറഞ്ഞു,
'വരൂ കുഞ്ഞേ, നിന്നെ താരാട്ടാൻ എന്റെ നെഞ്ചിലിനിയും ജീവനുണ്ട്,
നിന്നെ താലോലിക്കാൻ എന്റെ കൈകൾക്കിനിയും ശക്തിയുണ്ട്, 
നീയെന്റെ മകനല്ല'
ആശ്രയമറ്റ ഞാൻ, പ്രകൃതീ തനയനായ കച്ചവടക്കാരൻ വീണ്ടും അമ്മയിലഭയം പ്രാപിച്ചു, ചേർന്ന് കിടന്നു നെഞ്ചോട്.
നെഞ്ചിന് വാത്സല്യത്തിന്റെ ചൂടുണ്ട്.
'ഉവ്വ്, താരാട്ട് കേൾക്കുന്നുണ്ട്. 
ഞാനൊന്നുറങ്ങട്ടെ സമാധാനമായി'.



2017, ജൂൺ 28, ബുധനാഴ്‌ച

വിഷുപ്പക്ഷി

വിഷുപ്പക്ഷി 

വെയിൽ മുഖത്തു വെളിച്ചം തളിച്ചപ്പോഴാണ് ഉണർന്നത്. കഴിഞ്ഞ ദിവസം കഴിച്ചത് അധികമായെന്നു തോന്നുന്നു. 
മദ്യക്കുപ്പി ഒഴിഞ്ഞു കിടക്കുകയാണ്, 
അടുത്ത രണ്ടു ദിവസമായി പാട്ടുപാടിയുറക്കിയ കൊതുകിന്റെ ജഡം. 
അല്ലെങ്കിലും അതങ്ങനെയെ സംഭവിക്കു, 
കൂട്ടുവരുന്നവരെല്ലാം എന്നെന്നേക്കുമായി കൂടൊഴിയും. 
വീണ്ടും മദ്യപിക്കണമെന്നു തോന്നി.
ഇന്നിനി കൊതുകിന്റെ മരണം ആഘോഷിക്കാം,
ഓരോ ദിവസവും ഓരോ ആഘോഷമാണ്.
ഉറുമ്പ് കൊളോണപ്പെട്ടതിന്റെ, മുറ്റത്തെ മരം ഇല പൊഴിച്ചതിന്റെ, അങ്ങനെയങ്ങനെ...
എല്ലാം ഒരു മരണത്തിൽ നിന്നാണാരംഭിച്ചത്, അവളുടെ തലയിൽ കേ വച്ച സത്യം ചെയ്തതാണ്, ഒരിക്കലും കുടിക്കില്ലെന്ന്.
' ഓ.. ഇനി ആർക്ക് വേണ്ടിയാണ്?'
എ ടി എം ക്ഷമ പറഞ്ഞു, 'താങ്കളുടെ അക്കൗണ്ടിൽ വേണ്ടത്ര ബാലൻസ് ഇല്ല.'
"സന്തോഷം"
വീണ്ടും മുറിയിലേക്ക് മടങ്ങി.
റേഡിയോ ഓൺ ചെയ്തു.
"തെരഞ്ഞെടുപ്പ് പ്രമാണിച്ചു നാളെ മദ്യശാലകൾ അടച്ചിടാൻ കളക്ടർ നിർദ്ദേശം നൽകി".
"ഫ.."
കഴിഞ്ഞ ദിവസത്തെ ജോണി വാക്കർ പുളിച്ച തെറിയുടെ പുറത്തു വന്നു. 
"അല്ലെങ്കിലും ഈ കളക്ടർക്ക് എന്തുമാകാമല്ലോ, അവനു വല്ലതും....." പറയാൻ വന്നതിന്റെ ബാക്കി ഉറക്കം കൊണ്ട് പോയി.
കണ്ണ് തുറക്കുമ്പോൾ പക്ഷികൾ കൂടണയാൻ തുടങ്ങിയിരുന്നു.
പുറത്തിറങ്ങി കടൽത്തീരം ലക്ഷ്യമാക്കി നടന്നു.
തണുത്ത മണൽതിട്ടയിൽ മലർന്നു കിടക്കുമ്പോൾ സൂര്യൻ കടലിന്റെ ഗർഭപാത്രത്തിലേക്ക് മടങ്ങുന്നത് കണ്ടു. 
'നിനക്ക് ഒളിക്കാൻ കടലുണ്ട്, ഞാനെവിടെയൊളിക്കും?'
ആകാശത്തു നക്ഷത്രങ്ങൾ നിര തെറ്റി തെളിയാൻ തുടങ്ങി, ഒരെണ്ണത്തിന് മഞ്ഞ നിറമാണ്, കണിക്കൊന്ന പൂവുപോലെ.
കണിക്കൊന്ന,
വിഷു,
വിഷുപ്പക്ഷി.
അവളൊരു വിഷുപ്പക്ഷിയായിരുന്നു, ജീവിതം മുഴുവൻ പ്രകാശം നിറയ്ക്കുന്ന വിഷുപ്പക്ഷി.
കണിക്കൊന്ന മരത്തിൽ ആദ്യമായി പക്ഷിയെ കണ്ടപ്പോൾ അവൾ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്, 'ഞാൻ മരിച്ചുകഴിഞ്ഞാൽ വിഷുപ്പക്ഷിയായി നിന്നെ കാണാൻ വരം, നീ എന്റെ വരവും കാത്തിരിക്കുമോ?'
അപ്പോഴവളുടെ കയ്യിൽ പിച്ചാനാണ് തോന്നിയത്.
പിന്നെയും ഒരുപാട് വിഷുക്കാലങ്ങൾ കൊഴിഞ്ഞു.
അവൾക്ക് സൂചികളെ പേടിയായിരുന്നു.
കുഞ്ഞു കുട്ടികളെ പോലെയായിരുന്നു.
***
മുടി കൊഴിഞ്ഞ ശരീരം മെലിഞ്ഞു, ഒരുപാട് ട്യൂബുകളുടെ മധ്യത്തിൽ
കാൻസർ സെന്ററിന്റെ മണമുള്ള കട്ടിലിൽ കിടന്നവൾ ചോദിച്ചു,
"നിനക്ക് സൂചി കുത്തിക്കയറുന്ന വേദനയറിയുമോ..? ശരീരം മുഴുവൻ വേദനയാണ്, ആയിരമായിരം സൂചികൾ കുത്തിക്കയറുന്ന വേദന..".
കൈവിട്ടു പോകാതിരിക്കാൻ അവളുടെ കൈ പൊതിഞ്ഞു പിടിച്ചു നെഞ്ചോട് ചേർത്തതോർമ്മയുണ്ട്.
വെള്ളത്തുണി കൊണ്ട് മുഖം മറക്കുമ്പോൾ ആ കൈ തണുത്തിരുന്നു. 
***
ഓർമ്മകൾക്കൊപ്പം വീട്ടിലെത്തിയതറിഞ്ഞില്ല.
കസേരയിൽ ചാരിക്കിടക്കുമ്പോൾ പുറത്തെ വിഷുപ്പക്ഷി ചിറകടിച്ചു മറഞ്ഞു.
ഇപ്പോഴും കണിക്കൊന്ന പൂത്തിട്ടുണ്ട്, 
കാലം തെറ്റി പൂത്തിരിക്കുന്നു.
എത്ര പൂത്താലെന്താ.. എന്റെ വിഷുപ്പക്ഷി വരില്ലല്ലോ.
അയാളുടെ മനസ്സിലെ കണിക്കൊന്ന മരം കാറ്റുലച്ചു, 
മഞ്ഞപ്പൂവുകൾ അയാൾക്ക്‌ മീതെ കൊഴിഞ്ഞു വീണു.
മഴ,
മഞ്ഞ മഴ,
മഞ്ഞ നിറം,
മഞ്ഞപ്പൂക്കൾ മാത്രം,
അതാ മഞ്ഞതേരിലേറി വിഷുപ്പക്ഷി വരവായി,
അയാൾ കണ്ണുകൾ മുറുക്കിയടച്ചു. 



2017, ജൂൺ 27, ചൊവ്വാഴ്ച

ലിസ്റ്റ്

ലിസ്റ്റ് 

"ഇതെന്താ ഒരു ലിസ്റ്റുണ്ടല്ലോ.." അവളുടെ ഡയറിയുടെ ആദ്യ പേജ് അവൻ അന്നാണ് കാണുന്നത്. 
"എന്തായിത്.. കടൽ കാണണം,..
നിരയായി പോകുന്ന ഉറുമ്പുകളെ എണ്ണണം,..?"
"ഇതൊക്കെ എന്റെ ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും പറ്റ്യാകയാണ്, പക്ഷെ ഇതൊന്നും സംഭവിക്കാൻ പോകുന്നില്ല..".
"അതെന്താ അങ്ങനെ പറഞ്ഞെ?"
തറയിലൂടെ വരിയായി പോകുന്ന ഉറുമ്പുകളെ ചൂണ്ടി അവൾ പറഞ്ഞു, 
"ഉറുമ്പുകൾ നിരയായി സഞ്ചരിക്കാറില്ല..".
അവർക്കിടയിൽ വീണ്ടും മൗനം കനത്തു. 
മൗനത്തിന്റെ മഞ്ഞു കട്ട പിടിക്കും മുൻപേ അവൻ ചോദിച്ചു, 
"ഞാനൊരു കാര്യം ചോദിക്കട്ടെ..?"
"ഉം ".
"നിന്റെയീ ആഗ്രഹങ്ങളൊക്കെ ഞാൻ സാധിച്ചു തരട്ടെ?"
"വേണ്ട".
മറുപടി അവനെ തെല്ലൊന്ന് അമ്പരപ്പിച്ചു.
"അതെന്താ..?"
"എനിക്കും ജീവിക്കണ്ടേ..? ഒരു ആഗ്രഹമോ സ്വപ്നമോ കൂട്ടിനില്ലാതെ ഞാനെങ്ങനാ ജീവിച്ചിരിക്കുന്നത്?"