2017, ഡിസംബർ 13, ബുധനാഴ്‌ച

അവസാന വഴിയും കടക്കുമ്പോൾ

അവസാന വഴിയും കടക്കുമ്പോൾ 

അവസാന വഴിയും കടന്നു തിരിഞ്ഞു    നോക്കാതെ ഞാൻ പോകുമ്പോൾ  അവൾ എന്താകും ആലോചിച്ചിട്ടുണ്ടാകുക?
അവൾ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ മിണ്ടാതെ തിരിഞ്ഞു നടന്നത് സന്തോഷം കൊണ്ടായിരുന്നു. എന്നുള്ളിലുള്ള ഇഷ്ടം അവൾ കണ്ടുപിടിച്ചോ എന്ന പകപ്പായിരുന്നു.
ഞാൻ അവസാന വഴിയും കടന്നു മറയുന്നത് അവൾ നോക്കി നിന്നിട്ടുണ്ടാകണം, ഞാൻ തിരിഞ്ഞു നോക്കിയതേയില്ല, പിടിക്കപ്പെടരുതെന്ന മനസ്സായിരുന്നു എനിക്ക്.
പക്ഷെ, എന്റെ ആ സ്വാർത്ഥത അവളെ വേദനിപ്പിച്ചോ? അവളുടെ കണ്ണുകൾ നിറഞ്ഞോ?
ഒന്ന് തിരിഞ്ഞു നോക്കാമായിരുന്നു, ഒന്ന് പുഞ്ചിരിക്കാമായിരുന്നു.
പക്ഷെ,
ദൈവമേ, ഇത്ര നേരത്തെ വരാൻ ഞാൻ തയ്യാറായിരുന്നില്ല, എനിക്കൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു.
അതിന് മുൻപേ,... നിനക്കൊരു സൂചന തരാമായിരുന്നു, എല്ലാം ചെയ്തു തീർത്തു നിറഞ്ഞ മനസ്സോടെ ഞാൻ വന്നേനെ.
ചോറും  സാമ്പാറും രുചിയുള്ളതായിരുന്നെന്നു ഞാൻ അമ്മയോട് പറഞ്ഞേനെ,
അനിയത്തിയുടെ  തലയിൽ തട്ടി അവളെ ദേഷ്യം പിടിപ്പിക്കുന്നതിനു പകരം അവൾക്കായി വാങ്ങിയ ഡയറി മിൽക്ക് കൊടുത്ത് അവളുടെ ചിരിയും സന്തോഷവും കണ്ട് മനസ്സ് നിറച്ചേനെ,
ഇറങ്ങാൻ നേരം അച്ഛനെ നോക്കിയൊന്നു പുഞ്ചിരിച്ചേനെ,
കുറിഞ്ഞിപ്പൂച്ചയൊടിത്തിരി നേരം വർത്താനം പറഞ്ഞേനെ,
ഒടുവിൽ, അവൾ പറഞ്ഞ ഇഷ്ടം എന്റെ മനസ്സിൽ ഒരുപാടുകാലമായിട്ടുണ്ടെന്ന് പറഞ്ഞൊപ്പിച്ചേനെ, അവളുടെ കണ്ണുകളിലെ സന്തോഷമോ നാണമോ നോക്കി നിന്നേനെ.
പക്ഷെ, ഞാൻ തയ്യാറായിരുന്നില്ല, ഇത്ര നേരത്തെ വരാൻ.
നീയൊരു സൂചന തരണമായിരുന്നു.
ബാക്കി വച്ചതെല്ലാം ചെയ്തു തീർത്തേനെ.
മരണം ബാക്കി വച്ച അവസാന വഴിയും കടക്കുമ്പോൾ, നിന്നെ കാണാനായി ഓടുമ്പോൾ,
ദൈവമേ, നീയെനിക്കൊരവസരം കൂടി തരുമോ?
എനിക്കൊരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
അമ്മയെ ഒന്ന് കെട്ടിപിടിക്കണം.
കുഞ്ഞനിയത്തിയോട് ഇത്തിരി നേരം കളിക്കണം.
അച്ഛനോട് മനസ്സ് തുറന്ന് സംസാരിക്കണം.
അവളോടെന്റെ ഹൃദയം തുറക്കണം.
കുറിഞ്ഞിപ്പൂച്ചയ്ക്കും മക്കൾക്കും അൽപ്പം ചോറിട്ടു കൊടുക്കണം.
ഒടുവിൽ, നിരാശകളില്ലാതെ യാത്ര പറയണം.
ദൈവമേ, ഈ വഴിയും അവസാനിക്കാറായി,
നീയെനിക്കൊരവസരം കൂടി തരുമോ?


2017, നവംബർ 7, ചൊവ്വാഴ്ച

പാപിനാശിനി

പാപിനാശിനി 

" നീ എങ്ങോട്ട് ഒഴുകിപ്പോയതാ.. " അയാൾ കുസൃതിച്ചിരിയോടെ ചോദിച്ചു.
"ഞാൻ ഒഴുകിപ്പോയോ? ഇച്ചായി സ്വപ്നം വല്ലതും കണ്ടോ?" അവൾ അത്ഭുതത്തോടെ ചോദിച്ചു. 
നനവുള്ള മുടി ഒന്നുകൂടി വിടർത്തിയിട്ടപ്പോൾ മുഖത്തേക്കും രണ്ടുതുള്ളി വെള്ളം തെറിച്ചു. അയാൾ കിടക്കയിൽ എണീറ്റിരുന്നു. 
അവളെ പിടിച്ച് ദേഹത്തോട് ചേർക്കുമ്പോൾ അയാൾ പറഞ്ഞു, 
"നീ ഗംഗയല്ലേ...  എങ്ങോട്ടേക്കെങ്കിലും  ഒഴുകിപ്പോയാലോ.. "
" ഇച്ചായി, ഞാൻ വെറും  ഗംഗയല്ല, ഗംഗ സെബാസ്റ്യാനാണ്.. അങ്ങനൊന്നും ഞാൻ ഒഴുകിപ്പോകില്ല.. " 
അവളുടെ ചിരിയിൽ അയാളും ചേർന്നു.
***
അയാളുടെ ഷർട്ടിലെ പുതിയ മണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ ഒന്ന് ചിരിച്ചു, " ഓ അതോ, അത് അലക്സ് പുതിയൊരു പെർഫ്യൂം  കൊണ്ട് വന്നു, അതൊന്നടിച്ചു നോക്കിയതാ.. "
'അലക്സ് ലേഡി ബ്ലൂ ആണോ അടിക്കുന്നതെന്ന്' ചോദിക്കുന്നതിനു മുൻപ്അയാൾ കുളിമുറിയിൽ കയറി വാതിലടച്ചു.
അമ്മായിയോട് അതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവർ പറഞ്ഞതിങ്ങനെ..
"ആണുങ്ങളാകുമ്പ അങ്ങനെ തന്നാ.. ചെളി കാണുമ്പോ ചവിട്ടും, വെള്ളം കാണുമ്പോ കഴുകും.. നമ്മളെ ഇതൊക്കെ ക്ഷമിക്കേണ്ടത്.."
അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട അവർ വീണ്ടും  പറഞ്ഞു,  
" ഗംഗേ.. നീ ക്ഷമിക്ക്, എല്ലാം ശരിയാകും.. ഇതൊക്കെ മുൻകൂട്ടിക്കണ്ടാകും നിന്റെ 'അമ്മ നിനക്ക് പേര് വച്ചത്. സാധാരണ നസ്രാണികൾ  ഈ പേര് ഇടാറില്ലല്ലോ. .  നിന്റെ പേര് തന്നെ നോക്ക്.. ഗംഗ... പാപനാശിനിയായ ഒരു നടിയുടെ പേരാ..."
ഇവർക്കെങ്ങനാ ഇത്രയും വിവരം വച്ചതെന്ന് അവൾ അത്ഭുതത്തോടെ ആലോചിച്ചു. 
***
എപ്പോഴാണ് ഗംഗ മുറിയിലേക്ക് വന്നതെന്ന് അയാൾ അറിഞ്ഞില്ല, അലക്സിന്റെ ഭാര്യ ട്രീസയുടെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുകയായിരുന്നു അയാൾ. 
ഒരു മിന്നലൊളി  പറന്നു വരുന്നത് കണ്ടു.. ട്രീസ ഒരു നിലവിളിയോടെ കഴുത്ത് പൊത്തിപ്പിടിച്ചു.. മൂന്നു മിനിറ്റിനുള്ളിൽ അവളുടെ പിടച്ചിൽ തീർന്നു. 
ആ കാഴ്ചയുണ്ടാക്കിയ മരവിപ്പ്  മാറിയപ്പോഴാണ് അയാളുടെ കഴുത്തിലൂടെ തണുപ്പിന്റെ ചുവന്ന പാമ്പ് ഇഴയുന്നത് അയാൾ അറിഞ്ഞത്.. 
അതിനിടയിലും അയാൾ ഗംഗയുടെ ശബ്ദം കേട്ടു...
"ഇച്ചായി.. ഞാൻ പേര് മാറ്റി.. എന്റെ പേര് ഗംഗേന്നല്ല.. കാളിയെന്നാ.. ഭദ്രകാളി.. അവരുടെ ജോലി അറിയാല്ലോ അല്ലെ? പാപികളെ നശിപ്പിക്കൽ.. പാപിനാശിനി.. "
തന്റെ മുന്നിൽ നിൽക്കുന്നവൻ ആർത്തലയ്ച്ചൊഴുകുന്ന വെള്ളമാണോ, തലയോട്ടി മാലയണിഞ്ഞ മറ്റാരെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ പാടുപെടുകയായിരുന്നു അയാൾ...



2017, നവംബർ 5, ഞായറാഴ്‌ച

ഗംഗ

ഗംഗ

"എല്ലാ നടപടികൾക്ക് ശേഷവും നിങ്ങൾ പിരിയാൻ തീരുമാനിച്ച സ്ഥിതിക്ക് കോടതി ഇതിന്മേൽ ഒരു തീർപ്പ് കല്പിക്കുന്നതാണ്. എങ്കിലും എന്താണ് നിങ്ങൾ പിരിയാൻ തീരുമാനിച്ച യഥാർത്ഥ കാരണം?"
അയാൾ നിശ്ശബ്ദനായി നിന്നു. 
ആ മൂകതയെ മുറിച്ചു കൊണ്ട് അവൾ പറഞ്ഞു, 
"ഇയാളെന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നു."
അവിടെ പരന്നത് നിശ്ശബ്ദതയാണോ അതോ അതിനപ്പുറമുള്ള മറ്റെന്തെങ്കിലുമാണോന്നറിയാൻ ജഡ്ജിക്ക് കഴിഞ്ഞില്ല.
"നിങ്ങളെ പിരിഞ്ഞു ജീവിക്കാൻ കോടതി അനുവദിച്ചിരിക്കുന്നു. നിങ്ങൾ ഇന്ന് മുതൽ ഭാര്യ ഭർത്താക്കന്മാർ അല്ല."
കോടതി വരാന്തയിൽ അയാളുടെ കണ്ണുകളിൽ കണ്ട സ്നേഹം അവൾ കണ്ടില്ലെന്നു നടിച്ചു. 
അവൾക്ക് വീർപ്പുമുട്ടാൻ തുടങ്ങിയിരുന്നു.
അവളുടെ മനസ്സ് അയാൾക്ക് കേൾക്കാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു...
'എന്നെ തളച്ചിടരുത്....
ഞാനൊരു ഗംഗയാണ്..
എനിക്കും ഒഴുകിയെത്തണം..'

2017, ഒക്‌ടോബർ 8, ഞായറാഴ്‌ച

തലപ്പാക്കെട്ട് ബിരിയാണി

തലപ്പാക്കെട്ട് ബിരിയാണി

2013, ഡിസംബർ. ഒരു പ്രഭാതം.
ചെന്നൈ,
"ഡാ, പരീക്ഷ കഴിഞ്ഞു. നീയെവിടാ?".
"നീ പുറത്തേക്ക് വാ. ഞാനിവിടെ ഗേറ്റിന്റെ അടുത്തുണ്ട്."
പറഞ്ഞതു പോലെ ആശാൻ ഗേറ്റിനടുത്ത് തന്നെയുണ്ട്.
"എങ്ങാനുണ്ടാരുന്നു?".
"കുഴപ്പമില്ലാരുന്നു. അവിടെ നിന്ന ടീച്ചേഴ്സ് പറഞ്ഞു തന്നു."
"ആൾക്കാരെയൊക്കെ നേരത്തെ തന്നെ എടുത്തിട്ട് പേരിനു വേണ്ടിയാ പരീക്ഷ നടത്തുന്നതെന്ന് ഇവിടെ ആൾക്കാർ പറയുന്നത് കേട്ടു."
"അതെന്തെങ്കിലും ആകട്ടെ. അടുത്ത പ്ലാനെന്താ? ഇന്നിനി പോകാൻ ട്രെയിൻ ഇല്ല. ബസിന് പോകാൻ നടുവും വയ്യ. 
നീ ജസ്റ്റ് നോക്കിയേ ട്രയിൻ ഉണ്ടോന്ന്."
ഗൂഗിൾ ട്രെയിൻ തിരഞ്ഞു.
"ഡി ഇനിനി ഇല്ല. നാളെ രാവിലെ ഒരു പുനലൂർ പാസഞ്ചർ ഉണ്ട്. അതിനു പോകാം. റിസർവേഷൻ കാണില്ല. ലോക്കലിൽ പോകേണ്ടി വരും."
"ഓ. കെ. അതുവരെ എന്തു ചെയ്യും?".
"ഇത് ചെന്നൈയല്ലേ, എവിടെയാണോ കറങ്ങാൻ സ്ഥലങ്ങൾക്ക് പഞ്ഞം. വൈറ്റ്. ജി പി എസ് നോക്കട്ടെ. അപ്പൊ അറിയാം അടുത്തുള്ള സ്ഥലങ്ങൾ."
"നീ നോക്ക്."
"ഡി മറീന ബീച്ചിൽ പോകണമെങ്കിൽ ഒരുപാട് ദൂരമുണ്ട്. സ്കൈവാക്കാണെങ്കി അടുത്ത് ഉണ്ട്. ഒരു 2,3 കിലോമീറ്റർ. അവിടുന്ന് ഷെയർ ഓട്ടോയിൽ ടീ നഗർ പോകാം. ഒരു പത്ത് പന്ത്രണ്ട് മണിയാകുമ്പോ സ്റ്റേഷനിൽ പോകാം. ന്താ?".
"കൂൾ, പോകാം".
അങ്ങനെ ആദ്യം സ്കൈ വാക്, അവിടുന്നൊരു ഐസ് ക്രഷറും കഴിച്ച് ഷെയർ ഓട്ടോയിൽ ടീ നഗറിന്റെ തിരക്കിലേക്ക്... 
കണ്ടതും കണ്ട്‌, കേട്ടതും കേട്ട് അങ്ങനെ നടന്നു.
"ഡെയ് ഫുഡ് കഴിക്കണ്ടേ, മണി ഏഴായി. എനിക്ക് വിശക്കുന്നുണ്ട്."
"ഇവിടടുത്ത് ഒരു അപ്പൂപ്പന്റെ കടയുണ്ട്. വെങ്ങോട്ട് പോകാം. അടിപൊളി ദോശയാ." 
ശരിക്കും അപ്പൂപ്പന്റെ കടയിലെ ദോശ അടിപൊളി.
"കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്നപ്പോ ഒരു സ്‌പെഷ്യൽ സാധനം കുടിച്ചു. ജിഗ്‌രിതണ്ടാപ്പാനി. ഞാൻ വാങ്ങിത്തരാം. ഭയങ്കര ടേസ്റ്റ് ആണ്. നിനക്ക് ഇഷ്ടപ്പെടും."
 പാലും നെയ്യും ഐസും മിക്സ് ചെയ്ത ഒരു പ്രത്യേക രുചിയുള്ള സാധനം. സൂപ്പർ. 
"ഒരു പവർ ബാങ്ക് വാങ്ങണം. എന്റെ ചർജർ കേടാണ്." 
വഴിയൊരക്കച്ചവടക്കാരനിൽ നിന്നൊരു പവർ ബാങ്ക്. 650 രൂപ.
പിന്നെ നടക്കുന്ന വഴിക്ക് കണ്ട അല്ലറ ചില്ലറ സാധനങ്ങൾ.
***
പിറ്റേന്ന്. 
സെൻട്രൽ റയിൽവെ സ്റ്റേഷൻ.
"എന്തു കഷ്ടമാ ഇത്? ട്രെയിൻ ഇനി 4.30 നെ ഉള്ളു. രാവിലെയുള്ളത് ക്യാൻസൽ ചെയ്തു. നമ്മളിവിടെ ഇരിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 9 മണിക്കൂറായി. ഇവിടെ തെണ്ടിതിരിഞ്ഞു നടക്കുന്ന പട്ടികൾക്ക് പോലും നമ്മളെ അറിയാം എന്നായി."
"ഡെയ് എനിക്ക് വിശക്കുന്നു. കട്ടിയായി എന്തേലും കഴിക്കണം. ഇനി നേരം വെളുത്താലെ എന്തേലും കിട്ടൂ."
"ഡി നമ്മുക്ക് തലപ്പാക്കെട്ട് ബിരിയാണി കഴിച്ചാലോ? ഇവിടത്തെ ഫേമസാ. അങ്ങോട്ട് നോക്ക്. 50 രൂപയെ ഉള്ളു."
"50 എങ്കി 50 വാ. എനിക്ക് വിശക്കുന്നു."
നേരെ ബിരിയാണിക്കടയിലേക്ക്.
നല്ല കട.  എ സി, ഗ്ലാസ് റൂം. മുകളിൽ നിന്ന് നോക്കിയാൽ താഴത്തെ ജനക്കൂട്ടം കാണാം. 
"എസ് മാഡം. എന്ന വേണം? മെനു പാത്ത് സെല്ലുങ്കോ."
"ഓ കെ. നീങ്ക കൊഞ്ച നേരം കളിഞ്ഞു വരവിയാ?"
"നോ പ്രോബ്ലെം സർ."
വെയിട്ടർ പോയി.
"ഡി നീ എത്ര രൂപയാണ് എന്നു കണ്ടോ? ചിക്കൻ ബിരിയാണി 270. വെജിറ്റബിൾ പോലും 200. നീണ്ട 50 രൂപേട ബിരിയാണി."
"ദേണ്ട അങ്ങേര് വരുന്നുണ്ട്. എങ്ങനെ ഊരും?".
"എന്തേലും പറഞ്ഞാലേ പറ്റൂ. ഞാൻ ഫോൺ വിളിക്കാം. "
"എന്തിന്"?
അതിനു മുൻപേ വെയിട്ടർ വന്നു. 
"സെല്ലുങ്ക സാർ."
ഫോണിൽ അവന്റെ കാൾ വന്നു കട്ടായി.
പെട്ടെന്ന് ഫോൺ എടുത്തു, വായിൽ വന്നത് പറഞ്ഞു.
"എന്ത്... നിങ്ങളെത്തിയോ... ഫുഡ് കൊണ്ടു വന്നെന്നോ... ആ.. ശരി."
എന്നിട്ട് അവനോട്, "ഡെയ് അവർ ഫുഡും കൊണ്ടാണ് വന്നതെന്നു പറഞ്ഞു. "
അവൻ പെട്ടെന്ന് വൈറ്റർ നോട് പറഞ്ഞു.
"ഓർഡർ ഇല്ല. നമ്മ ഫുഡ് വന്തിടിച്ച്. താങ്കയു. "
വൈറ്ററിന്റെ മുഖം നോക്കാതെ ഞങ്ങൾ പുറത്തിറങ്ങി.
ശ്വാസം വിടാൻ എന്തു സുഖം. !
"ഡി അയാൾ മുകളിൽ നിന്ന് നോക്കുന്നുണ്ട്."
"നീ അങ്ങോട്ട് നോക്കരുത്. അങ്ങേർക്ക് സംശയം തോന്നും. "
ഞങ്ങൾ അയാളുടെ കണ്ണെത്താത്ത വശത്തേക്ക് മാറി.
"ഇനി എന്ത് ചെയ്യും? വേറെ പൈസ ഉണ്ടോ കയ്യിൽ... ?"
ബാഗിൽ തപ്പിയിട്ട് കാണുന്നില്ല.
"ഡാ.. ഇന്നാലേകൊണ്ട് എല്ലാ പൈസയും തീർന്നു. ഇനി വീട്ടിൽ പോകാൻ മാത്രേ ഉള്ളൂ. അല്ലാതെ ഒരു 70 രൂപ ഉണ്ട്."
അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ ആ ഭാവം ദയനീയമാണെന്നു എനിക്ക് മനസ്സിലായി.
"ഡി എനിക്ക് വിശക്കുന്നു."
"എനിക്കും.. ദേ അങ്ങോട്ട് നോക്ക്... ശാപ്പാട്..30 രൂപ."
അത് വാങ്ങി തുറക്കുമ്പോൾ എവിടെയോ ബിരിയാണിയുടെ മണം.
"ഡി എന്താ നോക്കുന്നെ.. തലപ്പാക്കെട്ട് ബിരിയാണിയാണെന്നു കരുതി തിന്നോ."
ആ ചോറു വാരി വായിലിടുമ്പോൾ തലപ്പാക്കെട്ട് ബിരിയാണി എൻറെ വായിൽ കപ്പലോടിക്കുന്നുണ്ടായിരുന്നു.
...എന്നാലും എന്റെ തലപ്പാക്കെട്ട് ബിരിയാണീ...


2017, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

നഖപ്പൂക്കൾ

നഖപ്പൂക്കൾ

.അതേ കലാലയം, അതേ അങ്കണം,
ചുവരുകളിലെ നിറം പോലുമത്.
വർഷങ്ങൾ,
അന്നുമിവിടെയീ ബൈബിളും ഗീതയും ഖുറാനും വായിച്ചിരുന്നു,
അന്നെനിക്കായി ഞാനിരുന്നെങ്കിൽ
ഇന്നീ മകൾക്കായി ഞാനിരിക്കുന്നു.
ഓർമ്മകൾ മഞ്ഞളിച്ചുതല്ലാതെ മാറ്റമില്ല മറ്റൊന്നിനും.

കായലിനരികിൽ കാറ്റേറ്റ് നഖപ്പൂമരം.
ആരോ പറയുന്നു,
ഇതാണ് ഡെലോണികസ് റീജിയ, ബിലോംഗ്സ് ടു സീസാൽപിനിയേ”.
ഗുൽ മോഹറെന്ന മരത്തിന്
നഖപ്പൂവെന്ന് പേരിട്ടത് നീയായിരുന്നു .
ഏതോ കാറ്റ് കൊണ്ടുവന്ന വിത്തിനെ
നനച്ചുറപ്പിച്ചതും നീയായിരുന്നു.
വിപ്ലവത്തീയിൽ നീയേന്തിയ വെള്ളക്കൊടി
ചോന്നതും ഇതിൻ മുന്നിലായിരുന്നു.
പിടിയോളമാണ്ട കത്തി നക്കിയ നിന്റെ
ആദ്യത്തെ തുള്ളി ചോര ഏറ്റുവാങ്ങിയതും ഇതിന്നിലകളായിരുന്നു .

അന്നാണ് നിന്റെ നഖപ്പൂമരം
ആദ്യമായി ചോപ്പണിഞ്ഞത്, പൂക്കളില്ലാതെ.
ഇന്നുമിത് ചോപ്പണിഞ്ഞുനിൽക്കുന്നു, പൂക്കളാൽ .
ഒരു പൂക്കണ്ണി നഖത്തിലൊട്ടിച്ച് കുഞ്ഞുമകൻ ചോദിക്കുന്നു,
“ഈ പൂവിനെന്തമ്മേ ഇത്ര ചോപ്പ്?”
പറയട്ടെ ഞാൻ,
ഇത് നിന്റെ ചോപ്പാ’ണെന്ന്?


2017, സെപ്റ്റംബർ 10, ഞായറാഴ്‌ച

ചിരിക്കുന്ന കണ്ണുള്ളവൾ

ചിരിക്കുന്ന കണ്ണുള്ളവൾ

"ഡീ...  ഹോസ്റ്റലിലേക്കാണോ? ഞാനാ വഴിക്കാ.. വാ."
ഞാനവളുടെ പുറകിൽ കേറി.
ഞങ്ങളെയും വഹിച്ചു കൊണ്ട് വണ്ടി തേവര ഫെറി റോഡിലേക്ക് കടന്നു.
വണ്ടിയോടിക്കുകയാണെങ്കിലും അവളുടെ പതിവ് സംസാരത്തിനൊരു കുറവുമില്ല.
"ഞാനിന്ന് എം ജി റോഡ് വഴി പോകാമെന്ന വിചാരിച്ചെ, പക്ഷേങ്കിൽ ഇപ്പൊ ഭയങ്കര ബ്ലോക്കാരിക്കും. അതാ പിന്നെ കുണ്ടന്നൂർ വഴി പോകാമെന്നു കരുതിയെ.."
ഞാൻ പുഞ്ചിരിക്കുന്നത് അവൾ കണ്ണാടിയിൽ കണ്ടു കാണണം.
"നീയെന്താടി ചിരിക്കൂന്നേ?"
"ഒന്നുല്ലാടി..".
വണ്ടി ഹോസ്റ്റലിലേക്ക് തിരിയുന്ന വളവിലെത്തി, ഞാനിറങ്ങി അവളെ നോക്കി.
ഹെല്മെറ്റിനിടയിലൂടെ ചിരിക്കുന്ന രണ്ടു കണ്ണുകൾ..
"എന്താടി നോക്കുന്നെ?"
ഒന്നുമില്ലെന്ന് ഞാൻ ചുമൽ കൂപ്പി.
ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ ഞാനാലോചിക്കുകയായിരുന്നു, ചിരിക്കുന്ന ആ കണ്ണുകളെ കുറിച്ച്, ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളെ കുറിച്ച്.
ചിരിക്കുന്ന കണ്ണുള്ളവരെ ആദ്യമായിട്ടല്ല കാണുന്നത്, എന്നാൽ ആ കണ്ണുകൾ തരുന്ന കുളിർമ്മ ഒട്ടു നേരത്തേക്ക് മനസ്സിൽ തട്ടി നിൽക്കുന്നത് ആദ്യമായാണ്.
ഈ നിമിഷം കടന്നു പോയിട്ട് ഏതാണ്ട് രണ്ടര വർഷം കടന്നിരിക്കുന്നു.
അവൾക്കും  എനിക്കുമുണ്ടായി മാറ്റങ്ങൾ.
മായാതെ നിൽക്കുന്നത് ഓർമ്മകൾ മാത്രം. 
Pic - Jayalakshmi P S

2017, സെപ്റ്റംബർ 4, തിങ്കളാഴ്‌ച

മൈലാഞ്ചി

മൈലാഞ്ചി 

കടയിൽ വാങ്ങാൻ കിട്ടുന്ന കോണിനേക്കാളും ഇല പറിച്ചു അരക്കുന്ന മൈലാഞ്ചിയോടാണ് അന്നും ഇന്നും എനിക്ക് പ്രിയം. 
വീടിന്റെ മുറ്റത്ത് തന്നെ ഒരു മൈലാഞ്ചിയുണ്ടായിരുന്നു, എന്റെ ഓർമ്മ വയ്ക്കുന്നതിന് മുൻപേ ഉമ്മച്ചി നട്ടത്. 
എനിക്ക് ഓർമ്മയുള്ളത് മുതൽ അതിനെന്നെക്കാള് ഉയരമുണ്ടായിരുന്നു. 
എല്ലാ പെരുന്നാളിനും ഞാനതിൽ നിന്നും ഇലകൾ പറിച്ച് നഖം ചുവപ്പിച്ചു.
ഞങ്ങളുടെ സുറുമിയെയും സത്താറിനെയും (ആടുകൾ) അതിന്റെ ചുവട്ടിൽ കിട്ടുമായിരുന്നു.
എനിക്കൊപ്പം മൈലാഞ്ചിയും ഉയരം വച്ചു.
***
ഉമ്മച്ചി മൂക്കിൽ  നിന്ന് ചോരയൊലിപ്പിച്ച്  വീഴുമ്പോൾ മൈലാഞ്ചി പൂത്തിരുന്നു, ഒരു മണവാട്ടിയെപ്പോലെ. 
പുരയ്ക്ക് മുകളിൽ പൂത്ത ദോശക്കരി മൈലാഞ്ചിയെ അതോടെ വെട്ടി. 
എന്നിട്ടും, എനിക്കോ ഉമ്മച്ചിക്കോ മൈലാഞ്ചിയോടുള്ള പ്രണയം കുറഞ്ഞില്ല.
അതുകൊണ്ടായിരുന്നു മയ്യിത്തുകട്ടിലിൽ കിടക്കുമ്പോഴും ഉമ്മച്ചിയുടെ ഉള്ളം കയ്യിൽ മൈലാഞ്ചി ചുവന്നു കിടന്നിട്ടിരുന്നത്. 
***
വെട്ടി മാറ്റിയ മൈലാഞ്ചിയിൽ നിന്നൊരു കമ്പ് മാമി മാറ്റി നട്ടിരുന്നു, അതാദ്യമായി പൂത്തപ്പോഴാണ് ഉപ്പാക്ക്  അസുഖം വന്നത്. 
അതോടെ അതും വെട്ടി. 
മാറ്റി നട്ടില്ലെങ്കിലും പഴയ കമ്പ് വീണ്ടും പൊടിച്ചു.
***
ഇക്കുറി മൈലാഞ്ചി പൂത്തിട്ടുണ്ട്, എന്റെ ഉള്ളം കൈ ചോന്നിട്ടുമുണ്ട്.