2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ഒരുനാളുമില്ലാതെ ചായ കുടിച്ചാൽ..

ഒരുനാളുമില്ലാതെ ചായ കുടിച്ചാൽ.. 

ഓഫീസിൽ നിന്ന് നാലുമണിക്ക് തന്നെ ഇറങ്ങി. നാളെ മുക്കാലിനെങ്കിലും സെൻട്രലിൽ എത്തിയാൽ അഞ്ചു മണിക്കുള്ള ഒറ്റ ബസ് കിട്ടും.
ഇറങ്ങിയപ്പോൾ പെരുമഴ. നല്ല തണുപ്പ്.
പൊതുവെ ചായയോട് ഒരു താല്പര്യവുമില്ല, തണുപ്പായത് കൊണ്ടാകും, ഒരു ചായ കുടിക്കാൻ മോഹം.
ബസ് സ്റ്റോപ്പിനടുത്ത് തന്നെ ഒരു ചെറിയ ചായക്കടയുണ്ട്. അവിടെക്കയറി ഒരു ചായ പറഞ്ഞു, അപ്പോഴാണ് അവിടുത്തെ ചേച്ചി എന്തോ ഒരു സാധനം മാവിൽ പരത്തി ചുട്ടെടുക്കുന്നത് കണ്ടത്.
"കഴിക്കാൻ എന്താ വേണ്ടത്?'
"അതെന്താ ആ സാധനം?", എണ്ണയിൽ കിടക്കുന്ന സാധനം കണ്ട ഞാൻ ചോദിച്ചു.
"അലവാങ്ങ്"
മേശിരിപ്പണിക്കുള്ള ഏതാണ്ടൊരു സാധനത്തെ ഓർമ്മ വന്നു.
സാധനം വേറൊന്നുമല്ല, മൈദ മാവിൽ പച്ചമുളക്, ഇഞ്ചി, ഉള്ളി, കറിവേപ്പില, ഉപ്പ്, പിന്നൽപ്പം സോസപൊടിയും ചേർത്ത് ഇലയപ്പത്തിന്റെ  പാകത്തിൽ കുഴച്ച പരത്തി എണ്ണയിൽ ചുട്ടെടുത്തത്.
അങ്ങനെ അലവാങ്ങ് കഴിച്ചിട്ട് അടുത്ത ബസിൽ തിരുവനന്തപുരത്തെത്തി. സമയം 4.50.
***
അഞ്ചുമണിയുടെ ബസ് വന്നില്ല, ഭാഗ്യത്തിന് നേരത്തെ പോകേണ്ടിയിരുന്ന നാലേമുക്കാലിന്റെ ബസ് അപ്പോഴാണ് വന്നത്. അതിലും ഇറങ്ങിക്കേറേണ്ട, ഒറ്റ ബസ്. വീടെത്താൻ ഏതാണ്ട് രണ്ടു മണിക്കൂറെടുക്കും. 
പെരുമഴയും തുടങ്ങി. 
ഷട്ടർ തുറന്നിടാൻ വയ്യാത്ത കൊണ്ട് ഫോൺ ഓൺ ചെയ്ത് VIP 2  (വേലൈ ഇല്ലാ പട്ടധാരി 2 ) കണ്ടുകൊണ്ടിരുന്നു. സിനിമ ഇന്റർവെൽ കാണിച്ചപ്പോൾ പതുക്കെ ഒന്ന് തല പൊക്കി നോക്കി. ഒന്നും കാണാൻ വയ്യ.

പെരുമഴ, ഫ്രണ്ട് ഗ്ലാസിൽ ഒരു പുക മാത്രം. ഡ്രൈവർ വളരെ കഷ്ടപ്പെട്ടാണ് ഓടിക്കുന്നത്. 10 കിലോമീറ്റെർ പോലും സ്പീഡില്ല. ഷട്ടർ പതുക്കെ പൊക്കി നോക്കി, ഒന്നും കാണാൻ വയ്യ. 
വീണ്ടും തലപൊക്കി നോക്കിയത് സിനിമ തീർന്നപ്പോഴാണ്. സമയം 6 .30  ആയിട്ടും പകുതി ദൂരം പോലും ആയിട്ടില്ല. പോരാത്തത്തിനു ഒടുക്കത്തെ ബ്ലോക്കും. 
കുറെ കഴിഞ്ഞപ്പോഴാണത് സംഭവിച്ചത്, ഒടുക്കത്തെ മൂത്ര ശങ്ക. എന്ത് ചെയ്യാൻ.. സഹിക്കുക തന്നെ.
സിനിമ കണ്ടോണ്ടിരിക്കുന്ന തിരക്കിനിടയിൽ ഇത് ഫീൽ ചെയ്തില്ല. 

ബസ് ഇപ്പോഴൊന്നും എത്തുന്ന ലക്ഷണം കാണുന്നില്ല. 
ഒരുനാളുമില്ലാതെ ചായ കുടിച്ചതാണ് വിനയായത്. 
വല്ല വിധേനെയും വെഞ്ഞാറമൂട് എത്തിയാൽ രക്ഷപ്പെട്ടു, അവിടെ പബ്ലിക് ടോയ്‌ലറ്റ് ഉണ്ട്. തൈക്കാട് നിന്നും വെഞ്ഞാറമൂട്ടിലേക്ക് നീണ്ട വാഹന നിര. അതും കടന്നു സ്റ്റാന്റിലെത്തിയപ്പോഴേക്കും 7 .45 . 
ബസ് നിറുത്തിയതും ഞാൻ ആദ്യം ചാടി പുറത്തിറങ്ങി. 
പണ്ടാരമടങ്ങാൻ, അത് പൂട്ടിയിട്ടിരിക്കുന്നു. 
എന്റെ അവസ്ഥ, എപ്പോഴാണ് ടാപ്പ് ലീക്കാകുക എന്ന് പറയാൻ പറ്റില്ല. 
ഓടിച്ചെന്നു അടുത്ത ഹോട്ടലിൽ കയറി. 
അവിടു പൊറോട്ട അടിച്ചു കൊണ്ടുനിന്ന ചേട്ടനോട് ചോദിച്ചു. 
"ചേട്ടാ ഇവിടെ ടോയ്‌ലറ്റ് ഉണ്ടോ?"
അയാൾ ഇല്ലെന്നു കാണിച്ചു.
(എന്റെ ബലമായ സംശയം അയാൾ കേട്ടത് കട്ട്ലെറ്റ് ആണോ എന്നാണ്.)
ആ പ്രതീക്ഷയും തീർന്നു. അടുത്ത വഴി വീടുകൾ.. 
അൽപ്പം നടന്നപ്പോൾ ഒരു വീട് കണ്ടു, മുൻവശത്ത് ഒരു ഉപ്പ മാത്രം.
"ഉപ്പാ. ടോയ്‌ലെറ്റ് ഉണ്ടോ?"
ഉപ്പാക്ക് ചെവി അൽപ്പം പതുക്കെയാണ്. അവിടെ 30  സെക്കൻഡ് പോയി. 
"ഇവിടുന്നു രണ്ടാമത്തെ മുറി".
ഓടിക്കയറുമ്പോൾ ഒരുചോദ്യം, 
"കൊച്ചെ, നീ ഏതാ.. "
മറുപടി പറയാൻ സമയമില്ല, പൈപ്പ് പൊട്ടറായി.
ബാത്റൂമിലേക്ക് ഓടിക്കയറുമ്പോ ഒരുമ്മാമ്മ.. 
"ആരാ അത്?"
അവർ പേടിച്ചുപോയെന്നു തോന്നുന്നു. 
കതകും കുറ്റിയിട്ട് ബ്ളാഡര് തുറന്നുവിട്ടപ്പോൾ എന്തൊരാശ്വാസം...ഹോ 
അപ്പോഴേക്കും ആ ഉമ്മാമ്മ ലൈറ്റ് ഇട്ടു തന്നു. 

ഇറങ്ങി ഒന്ന് ദീർഘമായി ശ്വാസം വിട്ടു. (ഞാൻ ശ്വസിക്കാൻ തന്നെ മറന്നു പോയെന്നു തോന്നുന്നു).
ആ ഉമ്മാമ്മയോടും ഉപ്പയോടും ചോദ്യങ്ങൾക്കുള്ള മറുപടി കൊടുത്തു. 
പറഞ്ഞുവന്നപ്പോൾ അവർക്ക് നമ്മുടെ വീട്ടുകാരെയൊക്കെ അറിയാം. 
എന്തായാലും അവിടുന്നിറങ്ങി അടുത്ത ബസ് പിടിച്ച് വീടെത്തിയപ്പോഴേക്കും സമയം എട്ടര. 
ഒരുനാളുമില്ലാതെ ചായ കുടിച്ചാൽ ഇങ്ങനെയിരിക്കും.



Nb- ഈ പബ്ലിക് റെസ്ററ് റൂമൊക്കെ ഒരു ഒൻപത് മണിവരെയെങ്കിലും തുറന്നിരിക്കണ്ടേ? 
നന്ദി, ആ ഉപ്പക്കും ഉമ്മാമ്മക്കും 

2018, ജൂൺ 25, തിങ്കളാഴ്‌ച

'The wavering mind of a person who attempts suicide - A practical study.'


'The wavering mind of a person who attempts suicide - A practical study.'


തലേന്ന് ഒലിച്ചുകുത്തിപ്പോയ മഴ തറയെ നന്നായി തണുപ്പിച്ചിരുന്നു. അങ്ങുമിങ്ങും ചേറിന്റെ ചെറു കുളങ്ങൾ.
കാൽ വലിച്ചു വച്ച് നടക്കുമ്പോൾ ആകെയുണ്ടായിരുന്ന ധൈര്യം ആരും തന്നെ കാണില്ലെന്നുള്ളതായിരുന്നു. അല്ലെങ്കിലും ഈ കുറ്റാക്കുറ്റിരുട്ടിൽ ആരാണ് പുറത്തിറങ്ങി നടക്കുന്നത്?
അതും പകൽ മാത്രം വാഹനങ്ങൾ പോകുന്ന കാട്ടു വഴിയിൽ..
അവൾക്ക്നടന്നുതുടങ്ങിയപ്പോൾ  ചെറുതായി തണുക്കുന്നുണ്ടായിരുന്നു, ഇപ്പോളത് ഏതാണ്ട് മരവിപ്പിന്റെ വാക്കോലമായി.
ശ്വാസകോശം അടുത്ത ഒരുരുള വായുവിനെ അകത്തേക്കെടുക്കാൻ മടിച്ചു നിന്നു, കാലുകൾ മാത്രം തലച്ചോറിന്റെ ആജ്ഞയനുസരിച്ച്  മുന്നോട്ട് വലിച്ചു കൊണ്ടിരുന്നു.
വളവിനു നടുവിൽ നിന്നു വശത്തേക്ക് മാറ്റിയിട്ട അക്കേഷ്യ മരം.. അത് കണ്ടപ്പോൾ കാൽ പറഞ്ഞു, 'ഒന്നിരിക്കണം..'
തലച്ചോർ പറഞ്ഞു..'വേണ്ട.. ആരെങ്കിലും കണ്ടാൽ..'
കാൽ കെഞ്ചി..'അഞ്ചുനിമിഷം...'
ഹൃദയം തലച്ചോറിനെ സമാധാനിപ്പിച്ചു..'അഞ്ചു നിമിഷമല്ലേ..'
കൃത്യം അഞ്ചു നിമിഷമായപ്പോളേക്കും തലച്ചോർ ചാടിയെണീറ്റു.. 'സമയമായി, എണീക്കു..'
തലച്ചോറിനൊപ്പമെത്താൻ കാലുകളും ഹൃദയവും അൽപ്പം സമയമെടുത്ത്, ശ്വാസകോശം ഉറക്കത്തിൽ നിന്നു ഞെട്ടിയത് അപ്പോഴാണ്,  വിശന്നു തുടങ്ങിയ ശ്വാസകോശം ഒരുരുള വായു വായിലേക്ക് വച്ച് ചവച്ചരച്ചു.
കാട്ടുപിച്ചി പടർന്നു നിൽക്കുന്ന വന്മരത്തിനരികെ എത്തിയപ്പോൾ കണ്ണിനൊരു സംശയം, അകലെ തൂങ്ങിയാടുന്നത് ഒരു ജഡമല്ലേ എന്ന്. ഹായ്  കണ്ണിന്റെ സംശയം കാത് കേട്ടതായി നടിച്ചില്ല. തലച്ചോറിന് ലക്‌ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. ഹൃദയത്തിനു പേടിയുടെ പുതപ്പ് അടുത്തുകിടക്കുന്നത് കാണാമായിരുന്നു, ഏത് നിമിഷവും ആ പുതപ്പ് ഹൃദയത്തെ മൂടിയേക്കാം എന്ന് തോന്നിയത് കൊണ്ടാകും തലച്ചോർ ആ പുതപ്പിനെ ദൂരേക്ക് വലിച്ചെറിഞ്ഞത്.
'വണ്ടിയെടുത്താൽ ശബ്ദം കേൾക്കും എന്ന് വിചാരിച്ചു തന്നെയാണ് അത് വൈദ്യന്റെ വീടിനു  മുന്നിലെ വഴിയിൽ കൊണ്ടിട്ടത്. ആരെങ്കിലും കണ്ടാൽ തന്നെ പുലരും മുന്നേ വൈദ്യന്റെ വീട്ടിലെത്തിയ ആരെങ്കിലുമാണെന്നു വിചാരിച്ചോളും..
കാൽ പരിഭവം പറഞ്ഞു, 'ചെരുപ്പുണ്ടായിട്ടു പോലും കല്ല് കുത്തി'.
കൈ ബാഗിൽ നിന്നൊരു കെട്ട് പേപ്പർ വലിച്ചെടുത്തു, കണ്ണതിന്റെ പുറത്തെ വരി വായിച്ചെടുത്തു.
'The wavering mind of a person who attempts suicide - A practical study.'
ഹൃദയം ഒരു നിമിഷം മൂകമായിരുന്നു.
തലച്ചോർ ആലോചിക്കുകയായിരുന്നു..
സൈക്കോളജിയിൽ ബിരുദം നേടുന്നത് ഒരു സ്വപ്നമായിരുന്നു. അത് കിട്ടിയപ്പോൾ ബിരുദാനന്തര ബിരുദവും ഗവേഷണവുമായി സ്വപ്നം.
പകൽ മുഴുവൻ ഇരുട്ടും, രാത്രികളിൽ കത്തിജ്വലിക്കുന്ന സൂര്യനുമായി കണ്ണും കരളും ഹൃദയവും തലച്ചോറുമെല്ലാം മല്ലിട്ടുകൊണ്ടിരുന്നു. ശ്വാസകോശം മാത്രം വല്ലപ്പോഴും മൂക്കുവഴി പുറത്തേക്ക് വിടുന്ന ചോരതുള്ളികൊണ്ട് പ്രതിഷേധം അറിയിച്ചു കൊണ്ടിരുന്നു.
കൂടെയുള്ള പലരും പലതും പറഞ്ഞു, വക വച്ചില്ല.
ഒന്നും നേടിയില്ലെന്നോർത്ത് ജീവിക്കുന്നതിനേക്കാൾ ആത്മാർത്ഥമായി ശ്രമിച്ചു തോറ്റുപോകുന്നതാണ്.
അതൊന്നും ആർക്കും മനസ്സിലായില്ല.
സ്വയംഹത്യക്ക് ശ്രമിക്കുന്നൊരാളിൽ മാനസിക സംഘർഷങ്ങളുണ്ടാകുമെന്നും അയാൾ പിന്മാറാൻ തീരുമാനിച്ചാൽപോലും അയാളെ സ്വയംഹത്യക്ക് പ്രേരിപ്പിച്ച ഘടകം അതിനനുവദിക്കില്ല എന്നതായിരുന്നു കണ്ടെത്തൽ.
ഗവേഷണം അവതരിപ്പിക്കുമ്പോൾ ബോർഡിലുണ്ടായിരുന്ന നീലക്കണ്ണുള്ള വെള്ളക്കാരിയുടെ നാവൊഴികെ എല്ലാ ഏമാന്മാരുടെയും നാവുകളും ഒരേ ചോദ്യം ചോദിച്ചു...'These are assumptions based on your findings. Do you have any practical evidence? Any single evidence?'
ഗവേഷണത്തിന് പ്രാക്ടിക്കൽ റിസൾട്ട് ആണ് വേണ്ടത്.
തലച്ചോറിന്റെ ചിന്ത അവസാനിച്ചതുമുതൽ കൈ എഴുതിത്തുടങ്ങി, ഈ നിമിഷങ്ങളിൽ അനുഭവിച്ചതും അറിഞ്ഞതുമായ കാര്യങ്ങൾ. ഒപ്പം ഒരു പ്രസ്താവനയും.

'I hereby declare that the thesis entitled 'The wavering mind of a person who attempts suicide - A practical study.' being submitted in partial fulfillment of the degree of doctorate. It is an authentic record of my own work. The above information and findings are true and i am showing myself as a practical evidence.'
Sign

എഴുതിയ ഭാഗം ഭദ്രമായി മടക്കി ബാഗിൽ വച്ച് കാലുകൾ വല്ലാത്തൊരാവേശത്തോടെ എഴുന്നേറ്റു നിന്നു. ഹൃദയം വല്ലാത്തൊരുന്മത്ത ഭാവത്തിലായിരുന്നു. തലച്ചോർ ചുറ്റുപാടും നന്നായി വീക്ഷിച്ചു.
കാലുകൾ ബലം നഷ്ടമാക്കി. കൈകൾ വായുവിലൂടെ പറക്കുന്നതാസ്വദിച്ചു.
അപ്പോഴും പാതിയുറക്കത്തിലായിരുന്ന ശ്വാസകോശം ഉണർന്നത് തന്റെ വായിൽ വായുവല്ല വെള്ളമാണ് കയറുന്നതിന് മനസ്സിലാക്കിയപ്പോഴാണ്.
ചുറ്റും പൊന്തിവന്നു നോക്കിയ വരാലുകൾ പരസ്പരം ചോദിച്ചു, 'ഇവർക്കെന്താ തണുക്കുന്നില്ലേ?'.
അതുകേട്ട് ചിരിച്ച ഹൃദയം പാതിയടഞ്ഞ കണ്ണുകളെ ചേർത്തടച്ചു.





2018, മേയ് 6, ഞായറാഴ്‌ച

തലാഖ്

തലാഖ് 

ഷാലിമ വന്നു കയറിയതേയുള്ളു, മുട്ട് നന്നായി വേദനിക്കുന്നുണ്ട്.
ഒന്നുകുളിക്കണം.
ബാഗ് കൊണ്ട് മേശമേൽ വച്ചിട്ട് അവൾ ഫോൺ എടുത്തു നോക്കി, 
'ഇല്ല, ഇക്കാടെ ഒരു മിസ്ഡ് കോളോ മെസ്സേജോ ഇല്ല.'
ഇതിപ്പോൾ ഷാലിമായ്ക്ക് ശീലമാണ്. 
ഇക്ക തന്നെ വീട്ടിലാക്കി പോയിട്ട് ഒന്നര മാസം കഴിഞ്ഞിരിക്കുന്നു. ഇതുവരെ ഒരു വിളി പോലുമില്ല.. 
കുളിക്കുന്നതിനിടയിൽ ഷാലിമ ഓർക്കുന്നുണ്ടായിരുന്നു, ഷൗക്കത്ത് പെണ്ണ് കാണാൻ വന്ന ദിവസം. 
കണ്ടെന്നല്ലാതെ ഒന്നും ചോദിച്ചില്ല, ഇഷ്ടമായൊന്ന് പോലും, അയാളുടെ സഹോദരിയാണ് എല്ലാം സംസാരിച്ചത്. 
വല്യ സൗന്ദര്യമൊന്നുമില്ലെങ്കിലും ഷാലിമയ്ക്ക് ഒരു ഗവണ്മെന്റ് ജോലിയുണ്ട്, ഷൗക്കത്തിന് തലമുറകളായി കൈ വന്ന കുറെ സമ്പത്തുണ്ട്, പ്രാഥമിക വിദ്യാഭ്യാസം മാത്രം. 
കല്യാണം കഴിഞ്ഞു ആര് ദിവസമായപ്പോഴേക്കും അയാൾ കുത്തുവാക്കുകൾ പറഞ്ഞു തുടങ്ങി, 
'നിന്നെ എന്തിനു കൊള്ളാം, നിന്നെ ഗർഭിണിയായിരുന്നപ്പോൾ നിന്റുമ്മാ കരിഞ്ഞ ചോറാണോ കഴിച്ചത്?' 
പലതും കണ്ടില്ല കേട്ടില്ലെന്നു വച്ചു, കാരണം, ഷാലിമ അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.
രാത്രി പല പെണ്ണുങ്ങളും വിളിച്ചു തുടങ്ങിയപ്പോൾ ആദ്യമായി ചോദിച്ചു.
'ചോദിയ്ക്കാൻ നീയാരാടി? ശമ്പളം വാങ്ങിക്കുന്ന ഹുങ്ക് എന്നോട് കാണിക്കരുത്.'
പിറ്റേന്ന് രാവിലെ, വീട്ടിൽ കൊണ്ടാക്കി. 
ഇപ്പോൾ ഒന്നര മാസം.
കുളി കഴിഞ്ഞു നമസ്കരിച്ചു ചോറും കഴിച്ച് അൽപ്പ നേരം വാട്സാപ്പ് നോക്കിയിരുന്നു. 
നെറ്റ് ഓഫ് ചെയ്തിറങ്ങാൻ തുടങ്ങിയപ്പോഴാണ് ഷൗക്കത്ത് ഓൺലൈൻ ആണെന്നു കാണിച്ചത്. 
അയാൾ എന്തെങ്കിലും പറയുമെന്ന് അവൾ വെറുതെ പ്രതീക്ഷിച്ചു. 
ആദ്യത്തെ മെസ്സേജ് വന്നു. 
'കാതടിക്കെട്ടിൽ പുത്തൻപുര ഷംസുദീന്റെ മകൾ ഷാലിമ'
തുടർന്ന് മൂന്നു മെസേജുകൾ ചേർത്തുകൊണ്ട് വന്നു. 
'ഒന്നാം തലാഖ്'
'രണ്ടാം തലാഖ്'
'മൂന്നാം തലാഖ്'
ഷാലിമ ഒന്ന് നിശബ്ദയായി, പതുക്കെ അവൾ ടൈപ്പ് ചെയ്യാൻ തുടങ്ങി. 
'വഴിമറ്റത്ത് കുഞ്ഞിക്കാദർ മകൻ ഷൗക്കത്ത്, മുത്തലാഖ് നിയമഭേദഗതി ചെയ്ത വിവരം അറിയിക്കുന്നു, താങ്കളുടെ അറിവിലേക്കായി ഐപിസി നമ്പർ പറയാം - IPC  498B making instant triple talaq is an “offence for adultery”.. വിവരമുള്ള ഒരു വക്കീലിനെ കൊണ്ട് കോടതിയിൽ ഡിവോഴ്സ് പെറ്റിഷൻ കൊടുക്കുമല്ലോ'
എന്ന് 
കാതടിക്കെട്ടിൽ പുത്തൻപുര ഷംസുദീന്റെ മകൾ ഷാലിമ
ഒപ്പ്.'


2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

കനൽ പൂക്കുന്ന വയലുകൾ

കനൽ പൂക്കുന്ന വയലുകൾ 

ദേവി കേളനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി.
ഇതുവരെ കണ്ടില്ല. എന്താണാവോ ഇത്ര വൈകുന്നത്.. 
***
വയലുകളിൽ അവിടവിടെ മിന്നാമിനുങ്ങുകൾ പാറിപ്പറക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. 
സന്ധ്യ  കഴിഞ്ഞിട്ടും കേളനെ കാണുന്നില്ല, ഇന്ന് പാടത്ത് പണിയില്ലാത്ത ദിവസമാണല്ലോ.. എന്ത് പറ്റി?
ആലോചിച്ചപ്പോഴേക്കും അകലെ നിന്ന് വേഗത്തിൽ നടന്നു വരുന്ന കേളനെ കാണായി.
അയാൾ അടുത്തെത്തിയപ്പോൾ ദേവി ദേഷ്യഭാവത്തിൽ മുഖം തിരിച്ചു. 
"ന്റെ ദേവ്യേ... ങ്ങനെ പെണങ്ങാനാണോ ന്നെ വരമ്പറഞ്ഞെ?.."
കേളൻ ദേവിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. 
ദേവി പുഞ്ചിരിച്ചുകൊണ്ട് അയാളെ നോക്കി. 
"ഞാനെത്ര നേരായി കാത്തിരിക്കേണ്.. ഒന്ന് നേരത്തെ വന്നൂടെ?"
അവൾ കയ്യിൽ കരുതിയിരുന്ന ഇലയട അവനു നേരെ നീട്ടി.  
"ഡി ദേവ്യേ.. എങ്ങാട്ട് പോയിക്കിടക്കുവാണെഡി.."
ദേവിയൊന്ന്‌ ഞെട്ടി. അവൾ പിടഞ്ഞെണീറ്റു. 
വല്യേട്ടന്റെ ശബ്ദം.. 
വായിലേക്ക് കടിച്ച ഇലയട തിന്നിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കേളൻ. 
ഒന്ന് തിരിയും മുൻപേ കണ്ണുനായർ മുന്നിൽ പ്രത്യക്ഷപ്പെട്ടു, കൂടെ മൂന്നാലുപേരും.

"ആഹ്ഹ.. നീ ഇവടാരുന്നു ല്ലേ..? നാട്ടാർ ഓരോന്ന് പാറേമ്പഴും വിശ്വസിച്ചില്ല. ഇപ്പൊ ബോധ്യായി."
"ഏട്ടാ.. "
ദേവി അയാൾക്കരികിലേക്ക് ചെന്നു.
"മിണ്ടരുത് നീ.. പിടിച്ചു കേട്ടെടാ അവനെ.."
കേളനെ പിടിച്ചു കെട്ടപ്പെട്ടു. 
കൈകാലുകൾ ബന്ധിതനായി അയാൾ നിന്നു.
"ഏട്ടാ.. ഒന്നും ചെയ്യരുത്.. കേളൻ പൊക്കോട്ടെ.."
ദേവി നിലവിളിയോടെ കണ്ണുനായരുടെ  കാൽക്കൽ വീണു, കണ്ണുനായർ അവളെ കണ്ടതായി പോലും ഭാവിച്ചില്ല. 
"ഏട്ടാ..കേളനെ ഒന്നും ചെയ്യരുത്.. കേളനെതെങ്കിലും സംഭവിച്ചാപ്പിന്നെ ന്നെ ആരും ഉയിരോടെ കാണൂല്ല.."
ദേവിയുടെ ദൈന്യത ഭീഷണിക്ക് വഴി മാറി. 
കണ്ണുനായർ അവളെയൊന്നു നോക്കി. 
"അഴിച്ചു വിടെടാ അവനെ..."
കേളന്റെ കെട്ടുകൾ അഴിക്കപ്പെട്ടു. 
"നീ തറവാട്ടിലേക്ക് പോ.." കണ്ണുനായർ ആജ്ഞാപിച്ചു. 
ദേവി നേർത്തൊരാശ്വാസത്തോടെ തിരിഞ്ഞു നടന്നു, അവൾ കേളനെ തിരിഞ്ഞൊന്നു നോക്കി, അയാൾ പുഞ്ചിരിച്ചു. 
പെട്ടെന്ന്, കേളന്റെ ദേഹത്തേക്ക് മണ്ണെണ്ണ കോരിയൊഴിക്കപ്പെട്ടു. 
"ഒരു പറയന് ഇത്രക്കത്യാഗ്രഹം പാടില്ല, നായരുട്ടിയെത്തന്നെ വേണം അല്ലേടാ.." 
ദേവി അയാൾക്കരികിലേക്ക് കുതിക്കുമ്പോഴേക്കും ആരുടെയൊക്കെയോ കൈകളാൽ അവൾ തടയപ്പെട്ടു. 
ഒരു തീപ്പൊരി കേളന്റെ ദേഹത്തേക്കെറിയപ്പെട്ടു. അയാളൊരു തീപ്പന്തമായി നിന്നെരിഞ്ഞു..
അയാൾക്കൊപ്പം വയലുകളുടെ തലപ്പും തീയണിഞ്ഞു. 
ദേവി കണ്ണുതുറക്കുമ്പോഴേക്കും, ഒരു വലിയ കരിക്കട്ടയ്ക്കൊപ്പം വയലുകളിൽ കനലുകൾ പൂത്തു നിന്നിരുന്നു. 
***
"ഇവിടുണ്ട്.. ഇവിടുണ്ട്.. വേം വാ.. "
ആരൊക്കെയോ നടന്നടുക്കുന്ന ശബ്ദം. 
"വല്ലിമ്മച്ചി ഇവടെ വന്നിരിക്കുവാണോ.. എത്ര നേരായി.. വാ പോവാം..."
രണ്ടു പേര് ദേവിയുടെ കൈകളിൽ പിടിച്ചു തൂക്കിയെടുത്തു. 
"വട്ടു വരുമ്പോ ഇങ്ങനാ.. ഇവിട വന്നിരിക്കും, ഇതുവരെ വേറെങ്ങും പോകാത്തത് ഭാഗ്യം." കൂടെ വന്നവർ പരസ്പരം പറയുന്നത് കേട്ടു.
ദേവിയൊന്ന്‌ തിരിഞ്ഞു നോക്കി.. 
അകലെ നിന്നു കേളൻ വേഗത്തിൽ നടന്നടുക്കുന്നു..
ദേവി തിരിഞ്ഞു നോക്കാതെ നടന്നകന്നു.. 
ഇനിയൊരു വയലിൽ കനൽ പൂക്കുന്നത് കാണാൻ അവർക്ക് ത്രാണിയില്ലായിരുന്നു.


2018, ഏപ്രിൽ 20, വെള്ളിയാഴ്‌ച

അർധരാത്രിയിലെ അപരിചിതർ

അർധരാത്രിയിലെ അപരിചിതർ 

മജെസ്റ്റിക്കിലേക്ക് എത്തുമ്പോൾ സമയം അർധരാത്രി കഴിഞ്ഞിരുന്നു. 
സദാനന്ദൻ ഉറക്കച്ചടവ് മാറാതെ നിൽക്കുകയായിരുന്നു. 
"വേഗം വാടോ സദാനന്ദാ.. ഈ ട്രെയിനും കൂടി പോയാൽ ഇനി നാളെ ഉച്ചയ്ക്കേയുള്ളു. അടുത്ത ബസ്സിന്‌ കയറിയാല് മാത്രേ സമയത്ത് സ്റ്റേഷനിലെത്തുള്ളു.." ശ്രീധരൻ നായർ തിടുക്കം കൂട്ടി.. 
സദാനന്ദൻ ഒന്ന് തല കുടഞ്ഞു.. 
"ആ വെള്ളം ഇച്ചിരി ഇങ്ങു തന്നേ.."
ശ്രീധരൻ നീട്ടിയ വെള്ളം വാങ്ങി അയാളൊന്നു മുഖം കഴുകി...
അടുത്ത ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി രണ്ടാളും വേഗത്തിൽ നടന്നു. 
ഇരുള് മറയുന്നിടത്തായി രണ്ടു യുവതികൾ.. 
"ഇവറ്റകളൊക്കെ ഇങ്ങനെ ജീവിക്കുന്നതിനെന്തിനാ.. പോയി ചാകണതാ ഇതിലും ഭേദം.."
കനത്തിലിട്ട അവരുടെ ചുവന്ന  ലിപ്സ്ടിക്കിലേക്ക് നോക്കി സദാനന്ദൻ പ്രാകി. 
അവരത് കേട്ടെന്നു തോന്നുന്നു.. 
നടക്കുന്നതിനിടയിൽ ശ്രീധരൻ ഒന്നുകൂടി തിരിഞ്ഞു നോക്കി. 
'അതിലൊരു  യുവതിയെ കണ്ടതുപോലൊരു പരിചയം' 
"എന്താടോ ശ്രീധരാ.. ഈ വയസാം കാലത്ത്.. തനിക്കിതെന്തിനതിന്റെ കേടാണ്? ഇങ്ങോട്ട് വേഗം നടക്ക്.."
ശ്രീധരന്റെ തിരിഞ്ഞുനോട്ടം കണ്ടിട്ട് സദാനന്ദൻ ശബ്ദമുയർത്തി.
ശ്രീധരൻ കാലുകൾ വലിച്ചു വച്ച് നടന്നു.. 
ബസ് സ്റ്റോപ്പിലെത്തിയതും റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ് വന്നു നിന്നതും ഒരുമിച്ചായിരുന്നു. 
ജനാലയ്ക്കരികിലെ സീറ്റിലിരിക്കുമ്പോൾ അയാളൊന്നു സംശയിച്ചു, 
'രേണു മോളാണോ അത്?.. ഹേയ്.. ആകാൻ വഴിയില്ല.. അവൾ ആ പയ്യനൊപ്പം സുഖമായി കഴിയുന്നുണ്ടാകും എവിടെയെങ്കിലും..'
ആ രണ്ടു യുവതികളെ കണ്ട വഴിയുടെ അറ്റത്ത് അവരുടെ നിഴലുകൾ അപ്രത്യക്ഷമാകുന്നത് അയാൾ കണ്ടു.
***
ചിന്താഭരിതമായ മുഖം കണ്ടിട്ടാകണം ശാന്തി ചോദിച്ചത്.. 
"എന്താ.. ഒരാലോചന?.. ആ സേട്ട് വീണ്ടും..?"
"ഞാനെന്തോ ഓർത്തുപോയി..."
രേണു ആലോചിക്കുകയായിരുന്നു, 
'അച്ഛനായിരുന്നോ അത്?.. ഹേയ്, അച്ഛനാകാൻ വഴിയില്ല... അച്ഛനെന്തിനിവിടെ വരണം?.. നാട്ടിൽ സുഖമായിട്ടിരിക്കുകയായിരിക്കും.. '
രേണു തിരിഞ്ഞു നോക്കുമ്പോഴേക്കും ബസ്സിന്റെ ടയറുകളുണ്ടാക്കിയ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ അലിഞ്ഞു കഴിഞ്ഞിരുന്നു. 


2018, ഏപ്രിൽ 10, ചൊവ്വാഴ്ച

വേലിക്കരികിൽ മടങ്ങിയെത്തുന്നവർ

വേലിക്കരികിൽ മടങ്ങിയെത്തുന്നവർ 

പൊളിഞ്ഞു വീഴാറായ കൊന്നവേലിയിൽ ചാരി അയാളിരുന്നു. 
അടുത്തടുത്തു വരുന്ന കാലൊച്ച കേൾക്കാം.. 
ആരാണാവോ ഈ മൂവന്തി നേരത്ത്?
കാലൊച്ച പരിചയമുള്ളത് പോലെ തോന്നി. 
"അണ്ണാ.. " പരിചയമുള്ള സ്വരം, പരിചയമുള്ള വിളി. 
അയാളുടെ മനസ്സൊന്നു കുതിച്ചു. 
നിലത്തു നിന്നും പിടഞ്ഞെണീറ്റ അയാൾക്ക് തൻറെ കണ്ണുകളെ വിശ്വസിക്കാനായില്ല. 
ചുണ്ടിലൊരു വിടർന്ന പുഞ്ചിരിയോടെ അവൾ.. 
അറിയാതെ അയാളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. 
"അണ്ണനെന്താ ഈ നേരത്ത് ഇവിടെയിരിക്കുന്നെ? എങ്ങോട്ടും പോയില്ലേ?" അവൾ ചോദിച്ചു. 
"ഞാനെങ്ങോട്ട് പോകാനാ.. ആരുമില്ലല്ലോ കാണാൻ.." അയാളുടെ വാക്കുകളിൽ നിരാശയുടെ ലാഞ്ചന.
അവളും അയാൾക്കരികിലായിരുന്നു.
തട്ടത്തിനിടയിലൂടെ അവളുടെ മുടിയിഴകൾ കാറ്റിൽ പറന്നു കളിച്ചു. 
എന്തൊരു മൊഞ്ചാണ് പെണ്ണിന്.. 
അവളും അയാളെത്തന്നെ നോക്കുകയായിരുന്നു.
അയാളുടെ കണ്ണുകൾക്കെന്തൊരു തിളക്കമാണ്.. 
എന്തൊക്കെയോ സംസാരിച്ച് നേരം പോയതറിഞ്ഞില്ല. 
"അണ്ണന്റെ മക്കളൊക്കെ?"
"മോൻ റെയ്ൽവേയിൽ സ്റ്റേഷൻ മാസ്റ്ററാ, മോള് ടീച്ചറാ, അവൾടെ കെട്ടിയോൻ കോളേജിൽ പഠിപ്പിക്കുന്നു.. രണ്ടു പേർക്കും ഈരണ്ട് മക്കൾ, ഒരാണും ഒരു പെണ്ണും വീതം.."
അവൾ അതുശരി എന്ന രീതിയിൽ തലയാട്ടി. 
അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, "ഞാനൊരു കാര്യം ചോദിച്ചാൽ നീയെന്നോട് കള്ളം പറയില്ലല്ലോ അല്ലെ?"
"ഞാനെന്തിനാ അണ്ണനോട് കള്ളം പറയുന്നത്? ചോദിക്ക്.."
"നീയെന്താ കല്യാണം കഴിക്കാതെ?"
ആ ചോദ്യത്തിന് മുന്നിൽ അവളൊരു നിമിഷം നിശബ്ദയായി.. 
"അങ്ങനെ ചോദിച്ചാൽ അതിന്റെ ഉത്തരം എനിക്കും അറിയില്ല, ആദ്യമാദ്യം നമ്മുടെ ബന്ധം വീട്ടുകാർ അനുവദിക്കുമെന്ന പ്രതീക്ഷയിൽ കുറെ കാലം കടന്നു പോയി.. അപ്പോഴേക്കും എന്റെ സമയവും കഴിഞ്ഞു..പിന്നെ.. " 
അയാളുടെ മുഖത്ത് വേദനയും നിരാശയും കലർന്നൊരു ഭാവമുണ്ടായി.. 
അവളൊന്നു ചിരിച്ചു.. ആ ചിരിയിലും അതെ ഭാവമായിരുന്നു. 
"സാരമില്ല അണ്ണാ.. ഇനി പറഞ്ഞിട്ടെന്താ.. അതൊക്കെ കഴിഞ്ഞു പോയില്ലേ.."
അയാൾ പതിയെ പറഞ്ഞു.. 
"എനിക്കൊരു കാര്യത്തിൽ മാത്രമേ നിരാശ തോന്നിയിരുന്നുള്ളു.. "
"എന്താത്?"
"അന്ന് മതത്തിന്റെ വേലിക്കെട്ടുകളെല്ലാം മുറിച്ചെറിഞ്ഞു നിന്നെയും കൊണ്ട് പോകണമായിരുന്നു.. എവിടേക്കെങ്കിലും.. ജീവിതാവസാനം വരെയും ആ നിരാശയുണ്ടായിരുന്നു മനസ്സിൽ"
അവൾ വീണ്ടും നിശബ്ദയായി. 
"അല്ല, ഞാനിവിടെയുണ്ടെന്നു നീയെങ്ങനെ അറിഞ്ഞു?"
"നാണിത്തള്ള പറഞ്ഞു.."
"ഉം. നാണിത്തള്ള. പുള്ളിക്കാരി ഇടക്കൊക്കെ അങ്ങോട്ട് വരാറുണ്ട്.. പഴയ പരദൂഷണക്കൂട്ടങ്ങൾ അവിടെയുമുണ്ടല്ലോ.. ഞാൻ ഒളിഞ്ഞു നിന്ന് കേട്ടതാ.. അവരെ എനിക്ക് പണ്ടേ ഇഷ്ടമല്ല.. നമ്മളിവിടെ നിന്ന് സംസാരിക്കുന്ന കാര്യം അവരെ ഉമ്മന്റടുത്ത് പറഞ്ഞു കൊടുത്തത്.."
"ഞാനോർക്കുന്നുണ്ട്.. അവസാനം വീട്ടുകാർ തമ്മിൽ വഴക്കായി.. എന്നെ കൊച്ചിക്ക് പറഞ്ഞയച്ചു.. നിന്നെ പൂട്ടിയിട്ടു.."
അവളാ വേലിയെ ഒന്ന് തലോടി.. "ഈ വേലിക്കറിയാം എല്ലാം.. ".
കാണെക്കാണെ അവർക്കിരുവർക്കും പ്രായം കൂടിക്കൂടി വന്നു.. 
നരച്ച തലയും.. ചുളിഞ്ഞ നെറ്റിയും.. 
അപ്പോഴും അയാളോർത്തു, 'എന്തൊരു മൊഞ്ചാണ് പെണ്ണിന്..'
അവളും ഓർക്കുകയായിരുന്നു. 'എന്തൊരു തിളക്കമാണ് ആ കണ്ണുകൾക്ക്'. 
"എത്ര വർഷമായി..?"
"മുപ്പത്തഞ്ചായിക്കാണുമല്ലേ?"
"നീയെങ്ങനെ ഇവിടംവരെയെത്തി?"
"എന്നെ അടക്കീരിക്കണത് പുതിയ  മദ്രസ ഇരിക്കുന്നതിനടുത്താ.. ഒരു പയ്യൻ പന്തും കളിച്ചോണ്ട് എന്റടുത്തേക്ക് വന്നു.. ഞാനാ പന്തിൽ കേറി ഇങ്ങു പോന്നു.. പുതിയ കെട്ടിടങ്ങളൊക്കെ വന്നപ്പോൾ വഴിയൊന്നും അറിയാൻ വയ്യാതായി.. ആ പയ്യൻ ഇത് വഴിയാ പോയത്.. ഞാൻ ഇവിടിറങ്ങി..  ഇസ്മായിലിന്റെ പേരക്കുട്ടിയാണെന്നാ  തോന്നണത്.. അല്ല, അണ്ണനെന്താ ഈ ഒഴിഞ്ഞ കോണിൽ?".
"ഓ അതോ.. രണ്ടുപേർക്കും വീതം വച്ച് കൊടുത്ത കൂട്ടത്തിൽ അവർ അച്ഛനും അമ്മയ്ക്കും ഓരോ സെന്റ് മാറ്റിവച്ചിട്ടുണ്ട്. എന്നെ ഇവിടെ കൊണ്ടടക്കി. അവൾക്ക് വേണ്ടി അപ്പുറത്തോട്ട് ഒരു സെന്റുണ്ട്... എന്തായാലും വേലിക്കരികിൽ ആയത് ഭാഗ്യം.. പഴയ കാര്യങ്ങളൊക്കെ ഓർക്കാല്ലോ.."
അവൾ വീണ്ടും ചിരിച്ചു.. 
"പിന്നെ, ആ കുറിവരച്ച അമ്മാവനില്ലേ.. അയാൾ ഹാജിയാരെ കാണാൻ ഇടക്കിടക്ക് വരാറുണ്ട്.. "
"നീ ഓർക്കുന്നുണ്ടോ.. നമ്മളെയും വീട്ടുകാരെയും പറഞ്ഞു തിരിക്കാൻ മുന്നിൽ നിന്നവരാ രണ്ടാളും.. " 
രാത്രി ഏതാണ്ട് തീരാറായിരിക്കുന്നു, അവൾ എണീറ്റു.
"ആ വരുന്ന കാറ്റിന്റെ കൂടെ എനിക്ക് തിരികെ പോകണം.. "
"നീ ഇനിയും വരില്ലേ?"
"അണ്ണനങ്ങോട്ട് വന്നൂടെ ഇടക്ക്?"
"ജീവിച്ചിരിക്കുന്ന കാലത്ത് നിന്നെക്കാണാൻ അവർ സമ്മതിച്ചിട്ടില്ല, ഇനിയിപ്പോ അതൊക്കെ നടക്കുമോ ആവോ?"
അവൾ കുലുങ്ങിചിരിച്ചു..
"വരുന്നെങ്കിൽ വാ. മദ്രസയുടെ പിൻവശത്തായിട്ട് ഒരു പഴയ കിണറുണ്ട്.. ഞാനവിടെ കാത്തിരിക്കാം.. "
നീങ്ങി വന്ന കാറ്റിനൊപ്പം അവൾ പോയി. 
'നാളെ വേണു പുല്ലുചെത്താൻ വരുമ്പോൾ അവന്റെ കൂടെ പോകാം.. അവൻ ഏതു സമയവും വെള്ളമായതുകൊണ്ട് അറിയില്ല.. മോന്തിക്ക് കവലയിലെത്തിയാൽ അതുവരെ പോകാൻ ആരെയെങ്കിലും കിട്ടും.. '
അതുവരെ വിരസമായി തോന്നിയ വേലിക്കരികിലെ അയാളുടെ മണ്ണ് മാടം ഒന്ന് തണുത്തു.. 
വേലിക്കൊന്നകൾ അയാളെ നോക്കി കൈവീശി.. 
നാളത്തെ കണക്കുകൂട്ടലുകൾ മനസ്സിലുറപ്പിച്ച് അയാൾ തൻറെ കിടപ്പാടത്തിലേക്ക് യാത്രയായി. 


2018, ഏപ്രിൽ 2, തിങ്കളാഴ്‌ച

കഥയുടെ കഥ, എൻറെയും

കഥയുടെ കഥ, എൻറെയും

കഥയുടെ  കഴുത്തിലേക്ക് താലി ചാർത്തുമ്പോൾ അയാളുടെ കയ്യിലേക്ക് ഒരുതുള്ളി കണ്ണീർ വീണു,
അയാൾണ്ട  അമ്പരന്ന് അവളുടെ മുഖത്തേക്ക് നോക്കി, അവൾ ചിരിക്കുന്നു.
അയാളുടെ മനസ്സിലൊരു പുഞ്ചിരി പടർന്നു.
അവളെ ആദ്യമായി കണ്ട ദിവസം അയാൾ ഓർത്തെടുത്തു.
തരവൻ കൊണ്ട് വന്ന ആലോചന, വല്യ താല്പര്യമില്ലാതെ പോയതാണ്.
അവൾ വാതിലിനു മുന്നിൽ വന്നു നിൽക്കുന്നത് കണ്ടിട്ടും വല്യ ആകർഷണമൊന്നും തോന്നിയില്ല.
വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി.
"നിങ്ങൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ.. ", വല്യച്ഛനാണ്‌ പറഞ്ഞത്.
അയാൾ പുറത്തെ മഞ്ചാടിയുടെ ചുവട്ടിലേക്ക് നടന്നു. അവൾ പിന്നിൽ വന്നു നിന്നു.
"പേരെന്താ?"
'കഥ"
"കഥയോ?"
"അതെ, കഥ"
"അതെന്താ അങ്ങനൊരു പേര്?"
അതിനു പകരം അവൾ എന്റെ പേരാണ് ചോദിച്ചത്,
"ആനന്ദ്"
"ഓരോരുത്തരും ഓരോ കഥയല്ലേ.. ചിലർ അവരുടെ കഥയ്ക്ക് വ്യത്യസ്ത പേരുകളിടുന്നു, ആനന്ദും ഒരു കഥയായിരിക്കുമല്ലോ, അതുപോലെ.. എന്റെ പേര് കഥ, എന്റെ കഥയുടെ പേരും കഥ."
അവൾ പറഞ്ഞതിൽ ഒന്ന് പോലും മനസ്സിലായില്ലെങ്കിലും അയാൾ ചിരിച്ചു.
***
ജാതകചേർച്ചയുണ്ടെന്നു നേരത്തെ അറിഞ്ഞിരുന്നു. 
കല്യാണം ഏതാണ്ട് ഉറപ്പിക്കുമെന്ന മട്ടായി. അറിയാതെയാണെങ്കിലും അയാൾ അവളെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ ഓടിത്തുടങ്ങി, എന്തായിരിക്കും ഇഷ്ടങ്ങൾ.. ഇഷ്ടക്കേടുകൾ.. ഒന്നും ചോദിച്ചില്ല.. 

മൂന്നു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അവളെ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടു. 
അങ്ങോട്ട് നോക്കാൻ ചമ്മലായിരുന്നു, അവളാണ് അടുത്തേക്ക് വന്നത്. 
"എനിക്കൊരല്പം സംസാരിക്കണമായിരുന്നു".
അടുത്ത ബേക്കറിയിൽ ജ്യൂസ് കുടിച്ചിരിക്കുമ്പോൾ അവൾ പറഞ്ഞു തുടങ്ങി. 
"വീട്ടുകാർ കല്യാണം ഉറപ്പിക്കുന്നതിന്റെ സംസാരത്തിലാണ്."
"അറിഞ്ഞു"
"അതിനു മുന്നേ ഒന്ന് സംസാരിക്കണമെന്ന് തോന്നി"
മനസ്സിലെന്തോ ഒരു അമ്പരപ്പ് കൂടുകൂട്ടാൻ തുടങ്ങിയിരുന്നു. 
അവൾക്കിനി മറ്റാരെയെങ്കിലും ഇഷ്ടമാണെന്നാവുമോ പറഞ്ഞു വരുന്നത്..?
"ആനന്ദ്, ഒരു നല്ല മനുഷ്യനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഏതു പെൺകുട്ടിയും കണ്ടാൽ ഇഷ്ടപ്പെടും ഇയാളെ, സുന്ദരനാണ്, നല്ല ജോലിയുണ്ട്.. "
അയാളുടെ ഹൃദയം മിടിക്കാൻ തുടങ്ങിയിരുന്നു. 
"പക്ഷെ, നിങ്ങൾ ആഗ്രഹിക്കുന്നത് പോലുള്ള സ്ത്രീധനം താരം ഞങ്ങൾക്കാകില്ല. അച്ഛൻ നിങ്ങൾ പറയുന്നതെല്ലാം സമ്മതിച്ചേക്കും, പക്ഷെ, എനിക്കതിനു സാധിക്കില്ല. 
പ്രായമായി വിശ്രമിക്കേണ്ട കാലത്ത് എടുത്താൽ പൊങ്ങാത്ത ഭാരമെടുത്തു വച്ച് ഓരോ ദിവസവും പ്രായമേറി വരുന്ന അച്ഛനെ കാണാനെനിക്ക് സാധിക്കില്ല. അതുപോലെ ആസ്വദിക്കേണ്ട പ്രായത്തിൽ കടം വീട്ടാനോടി നടക്കേണ്ടി വരുന്ന അനിയനെയും, അതൊക്കെ എനിക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്. 
അതുകൊണ്ട്.. ആലോചിച്ചു തീരുമാനിച്ചാൽ മതി."
***
വീട്ടിലേക്ക് ചെല്ലുമ്പോൾ വല്യച്ഛൻ തരവനോട് സംസാരിക്കുകയായിരുന്നു. 
"ഞങ്ങൾ ഒന്നുകൂടി ആലോചിക്കട്ടെ..", അത്ര മാത്രമേ കേട്ടുള്ളൂ. 
അടുക്കളയിൽ ചെന്നപ്പോൾ 'അമ്മ പറഞ്ഞു, 
"ആ കുട്ടിക്ക് കൊടുക്കാൻ അധികമൊന്നും ഇല്ലെന്നാ കേട്ടത്"
'ഉം"
ഉറക്കം അൽപ്പം പോലും കടാക്ഷിക്കാത്തതുകൊണ്ട് അയാൾക്ക് ആലോചിക്കാൻ സമയം കിട്ടി. 
'അവൾ പറഞ്ഞതിൽ എന്താണ് തെറ്റ്? ഞാനൊരു പെൺകുട്ടിയായിരുന്നെങ്കിൽ ഈ ഒരു സാഹചര്യം വരുമ്പോൾ ഇതൊക്കെ തന്നെയാകില്ലേ ചിന്തിക്കുക.. ഓരോരുത്തർ മനസ്സിലൊതുക്കുന്നു, അവൾ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചു.'
പിറ്റേന്ന് അച്ഛനോട് നേരിട്ട് പറഞ്ഞു, 
"അച്ഛാ, എന്ത് കുറവുകൾ ഉണ്ടെങ്കിലും ഇത് മതി".
അച്ഛനും അമ്മയ്ക്കും എതിർപ്പുകളൊന്നുമുണ്ടായില്ല. ചേച്ചിയെ വിവാഹം കഴിച്ചയക്കുമ്പോൾ അവരും ഇതൊക്കെ ചിന്തിച്ചിട്ടുണ്ടാകും. 
***
പിറ്റേന്ന് രാവിലെ ഒരു ഫോൺ കാൾ, പരിചയമില്ലാത്ത നമ്പറാണ്. 
"ഹലോ"
"ഞാൻ കഥയാണ്"
"പറയു.."
"അല്ല, ആലോചിച്ചിട്ട് തന്നെയാണോ...?"
"അതെ, നന്നായി ആലോചിച്ചു, കൃത്യമായി പറഞ്ഞാൽ  ആറ് മണിക്കൂറും ഏഴു മിനിറ്റും ഇരുപത്തേഴു സെക്കൻഡും ആലോചിച്ചു. എന്നിട്ടും നിന്നെക്കാൾ കഥയുള്ള വേറൊരു പെണ്ണിനെ കിട്ടുമെന്ന് എനിക്കുറപ്പില്ല.."\
"ഉം.."
"താൻ പറഞ്ഞ കാര്യങ്ങളൊക്കെ ഓരോ പെൺകുട്ടികളും ആലോചിക്കുന്നുണ്ടാകും.. ചിലരൊക്കെ മനസ്സിലൊതുക്കും.. ചിലരൊക്കെ തുറന്നു പറയും, അത്രേയുള്ളു. എന്തായാലും തുറന്നു പറഞ്ഞതിൽ സന്തോഷം."
"...."
"അപ്പോൾ തനിക്ക് വേറെ എതിർപ്പുകളൊന്നുമില്ലെന്നു കരുതിക്കോട്ടെ..?"
"ഉം.."
"ഇതെന്താ ഉം മാത്രമേയുള്ളു"?
"ഉം.."
അയാൾ പൊട്ടിച്ചിരിച്ചു. 
***
കഥയുടെ  കഴുത്തിലേക്ക് താലി ചാർത്തുമ്പോൾ അയാളുടെ കയ്യിലേക്ക് ഒരുതുള്ളി കണ്ണീർ വീണു,
അയാൾണ്ട  അമ്പരന്ന് അവളുടെ മുഖത്തേക്ക് നോക്കി, അവൾ ചിരിക്കുന്നു.
അയാളുടെ മനസ്സിലൊരു പുഞ്ചിരി പടർന്നു...
ഇതാണ് കഥയുടെ കഥ, എൻറെയും.. :)